ദക്ഷിണേന്ത്യൻ ശാസ്ത്രമേളയ്ക്ക്  ചൊവാഴ്ച സമാപനം

0

ശാസ്ത്ര പ്രതിഭകളെ സന്ദർശിച്ച് ജില്ലാ കലക്ടർ

പുതുതലമുറയുടെ നവശാസ്ത്ര ചിന്തകൾക്ക് പ്രദർശന വേദിയൊരുക്കിയ സതേൺ ഇന്ത്യ സയൻസ് ഫെയറിന്  ജനുവരി 31 ചൊവാഴ്ച സമാപനമാകും. കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂളിൽ നാല് ദിവസമായി നടന്ന 34-ാമത് സതേൺ ഇന്ത്യ സയൻസ് ഫെയർ പുതിയ ശാസ്ത്ര പ്രതിഭകളുടെ സംഗമ വേദി കൂടിയായി.

പൊതുവിദ്യാഭ്യാസ വകുപ്പും കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻ്റ്  ടെക്നോളജിക്കൽ മ്യൂസിയവും സംയുക്തമായാണ് മേള ഒരുക്കിയത്.

കുട്ടി പ്രതിഭകൾക്ക് പ്രോത്സാഹനവുമായി ജില്ലാ കലക്ടർ ഹരിത വി കുമാർ മേള സന്ദർശിച്ചു. സ്കൂൾ കലോത്സവങ്ങളെ ഓർമിപ്പിക്കും വിധം ഗംഭീരമായി സതേൺ ഇന്ത്യ സയൻസ് ഫെയർ ജില്ലയിൽ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസ വകുപ്പിനെ ഉൾപ്പെടെ കലക്ടർ അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളെ ഇരു കൈകളും നീട്ടി ജില്ല സ്വീകരിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും അഭിനന്ദിക്കുന്നതായി കലക്ടർ പറഞ്ഞു.

മൈസൂരിലെ വിജയവിട്ടാല വിദ്യാശാല സ്കൂളിലെ വിദ്യാർത്ഥികൾ അവതരപ്പിച്ച എർത്ത് ആൻഡ് സ്പേയ്സ് സയൻസ് ടെക്നോളജിയുമായി ബന്ധപ്പെട്ട് കലക്ടർ ചോദിച്ചറിഞ്ഞു മനസിലാക്കി. ശാസ്ത്ര ലോകത്തെ കൗമാര ആശയങ്ങൾ കലക്ടർ ആവേശത്തോടെ ചോദിച്ചത് വിദ്യാർത്ഥികൾക്കും കൗതുകമായി. എല്ലാ കുട്ടികളെയും കലക്ടർ അഭിനന്ദിച്ചു.

ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ കാണാനും അറിയാനുമായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളായി മേളയിലെത്തിയത്. കേരളത്തിന് പുറമെ കർണാടകം,  തെലുങ്കാന, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഇരുന്നൂറോളം പേർ മേളയുടെ ഭാഗമായി. വിദ്യാർത്ഥികൾക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങൾക്ക് പുറമെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങൾ പ്രദർശനങ്ങൾ, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ വിവിധ ദിവസങ്ങളിലായി സംഘടിപ്പിച്ചു.  മേളയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി കേരള വനഗവേഷണ കേന്ദ്രത്തിൽ 31ന് പ്രത്യേക ക്ലാസ് സംഘടിപ്പിക്കും.