ഒരു ബിജെപി നേതാവും കാശ്മീരിലൂടെ നടക്കാന്‍ ധൈര്യപ്പെടില്ല -രാഹുൽഗാന്ധി

0

ഒരു ബിജെപി നേതാവും കാശ്മീരിലൂടെ നടക്കാന്‍ ധൈര്യപ്പെടില്ലെന്നും തന്റെതു പോലുള്ള യാത്രയ്ക്ക് ബിജെപി ഭയപ്പെടുമെന്നും രാഹുല്‍ ഗാന്ധി. മോദിജിക്ക് അത് സാധ്യമാകില്ല, അമിത്ഷാജിക്ക് അത് സാധ്യമാകില്ല. ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ ശ്രീനഗറില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

 കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചുകൊണ്ട് നാല്‍പത് മിനിറ്റ് നേരമാണ് രാഹുല്‍ ജനങ്ങളോട് സംസാരിച്ചത്. സ്വന്തം കുടുംബത്തിലെ രക്തസാക്ഷിത്വങ്ങള്‍ ഓര്‍മിച്ച രാഹുല്‍ ഗാന്ധി അപ്പോഴെല്ലാം വികാരാധീനുമായി. യാത്രയ്ക്കിടെ ആക്രമണമുണ്ടാകുമെന്ന് ഭയപ്പെടുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ശ്രമങ്ങളുണ്ടായെങ്കിലും ജനങ്ങള്‍ ഗ്രനേഡല്ല, ഹൃദയം നല്‍കിയാണ് തന്നെ സ്വീകരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രിയപ്പെട്ടവര്‍ കൊല്ലപ്പെട്ടതിന്റെ വേദന അറിഞ്ഞവരാണ് താനും സോദരിയും. അമിത്ഷായ്‌ക്കോ മോദിക്കോ അജിത് ഡോവലിനോ ആ വേദന അറിയാനാവില്ല. എന്നാല്‍ പുല്‍വാമയിലെ കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്കും ഭാര്യമാര്‍ക്കും താന്‍ പറയുന്നത് മനസ്സിലാകും. കാശ്മീരിലെ സൈനികര്‍ക്ക് അത് മനസ്സിലാകും-രാഹുല്‍ വികാരവായ്‌പോടെ പറഞ്ഞു. സമാപന സമ്മേളനത്തിൽ വൻജനക്കൂട്ടം പങ്കെടുത്തു.