ഇരുമുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ് തൃക്കാക്കരയില്‍. തോറ്റാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പഴികേള്‍ക്കുമെന്ന് ഉറപ്പുള്ള തിരഞ്ഞെടുപ്പ്. അതിനാല്‍ എല്ലാ ആയുധങ്ങളും ആവനാഴിയില്‍ നിന്ന് പുറത്തെടുത്തുള്ള ശക്തമായ പ്രചാരണമാണ് എല്‍ഡിഎഫ് -യുഡിഎഫ് മുന്നണികള്‍ കാഴ്ചവെക്കുന്നത്. കനത്ത മഴയിലും തീപാറുന്ന പോരാട്ടം.
സിറ്റിംഗ് സീറ്റിനപ്പുറമാണ് യുഡിഎഫിന് തൃക്കാക്കര. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളും സമരങ്ങളുമായി മുന്നോട്ട് പോകാന്‍ ജയിച്ചേ തീരൂ…
കെ റെയിലില്‍ ഏറെ പഴി കേട്ടതിന് പുറമെ സഭാ സ്ഥാനാര്‍ഥിയെ നിര്‍ത്തി എന്ന ചീത്തപേരും എല്‍ഡിഎഫിനെപ്പമുണ്ട്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കൂടി വിലയിരുത്തുന്ന തിരഞ്ഞെടുപ്പ് എന്ന ഭാരം വേറെയും.. അതിനാല്‍ തോല്‍വിയെ കുറിച്ച് ചിന്തിക്കാന്‍ കൂടി എല്‍ഡിഎഫിനാകില്ല.
ഭരണതുടര്‍ച്ചക്കോ, ഭരണമാറ്റത്തിനോ ഈ തെരഞ്ഞടുപ്പ് ഫലം സ്വാധീനിക്കില്ല എങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയത്തെ ആകെ മാറ്‌റിമറിക്കാന്‍ തൃക്കാക്കര ഫലത്തിനാകും. 5 സ്വതന്ത്രര്‍ ഉള്‍പ്പടെ 8 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
കഴിഞ്ഞ തവണ വലിയ വോട്ട് ശേഖരം സ്വന്തമാക്കിയ 20-20 യും മണ്ഡലത്തില്‍ ഭേദപ്പെട്ട വോട്ടുള്ള ആംആദ്മിയും സ്ഥാനര്‍ഥികളെ നര്‍ത്തുന്നില്ല എന്നത് ഇരുമുന്നണികളേയും ഒരു പോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കിഴക്കമ്പലത്ത് ജനസംഗമത്തില്‍ പങ്കെടുത്തത് ഇരു പാര്‍ടികളേയും ആവേശത്തിലാക്കിയിട്ടുണ്ട്. ഇവരുടെ വോട്ടിനായി രഹസ്യമായും പരസ്യമായും മുന്നണികള്‍ സമീപിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പ്രതീക്ഷ വെക്കുന്നത് യുഡിഎഫാണ്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം റെക്കോര്‍ഡ് വേഗത്തില്‍ പൂര്‍ത്തിയാക്കാനായതും സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ചതും യുഡിഎഫിന്റെ ആവേശം കൂട്ടിയിട്ടുണ്ട്. കൂടാതെ പിടിയോടുള്ള ജനങ്ങളുടെ ഇഷ്ടം ഭാര്യയായ ഉമ തോമസിന് തുണയാകുമെന്നും അവര്‍ ഉറപ്പിക്കുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ മാധ്യമങ്ങളേയും ജനങ്ങളേയും ഞെട്ടിച്ചു കൊണ്ടായിരുന്നു എല്‍ഡിഎഫ് തൃക്കാക്കര ചലിപ്പിച്ചത്. യുവ നേതാവ് കെ എസ് അരുണ്‍കുമാറിന്റെ പേരും ചിത്രങ്ങളും ചുമരെഴുത്തുകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് ഹൃദ്രോഗ വിദഗ്ദന്‍ ഡോ. ജോ ജോസഫിന്റെ പേര് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ലിസി ആശുപത്രിയില്‍ വൈദികന്റെ സാന്നിധ്യത്തില്‍ പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനം സ്ഥാനാര്‍ഥിക്ക് ചീത്തപ്പേര് കേള്‍പ്പിച്ചു. കെ റെയിലും മറ്റ് ആരോപണങ്ങളും സര്‍ക്കാരിനെ ക്ഷീണിപ്പിക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
എല്‍ഡിഎഫും, യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങിയ ശേഷമാണ് എന്‍ഡിഎ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. പതിവുപോലെ നരേന്ദ്ര മോദിയുടെ മികവ് ഉയര്‍ത്തിയാണ് എന്‍ഡിഎ പ്രചരണം.
വികസനം ചര്‍ച്ച ചെയ്യാനില്ലാത്തതിനാല്‍ സഹതാപ തരംഗത്തിലൂടെ ജയിക്കാനാണ് യുഡിഎഫിഎന്റെ ശ്രമമെന്നാണ് എല്‍ഡിഎഫ് ആരോപണം എന്നാല്‍ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്നും തൃക്കാക്കര സീറ്റ് പണത്തിന് വിറ്റതാണെന്നുമാണ് യുഡിഎഫിന്റെ മറുപടി.
2011 ലാണ് തൃക്കാക്കര മണ്ഡലം രൂപികൃതമാകുന്നത്. മണ്ഡലം രൂപികൃതമായതിനു ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ശക്തമായ ഇടത് തരംഗം കേരളത്തില്‍ ഉണ്ടായിരുന്നപ്പോഴും വലതിനെ കൈവിടാത്ത മണ്ഡലമാണ് തൃക്കാക്കര. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പിലും തൃക്കാക്കരയുടെ മനസ്സ് യുഡിഎഫിന് ഒപ്പമായിരുന്നു.
2011 ല്‍ ബെന്നി ബെഹന്നാനും, 2016 ലും, 2021 ലും പി.ടി തോമസും തൃക്കാക്കരയില്‍ നിന്ന് നിയമസഭയിലെത്തി. ആംആദ്മി,ട്വന്റി 20 സഖ്യത്തിന്റെ വോട്ടുകളും തെരഞ്ഞെടുപ്പ് ഫലത്തെ ഫലത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. 2022 മെയ് 31 നാണ് തൃക്കാക്കര പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. ജൂണ്‍ 3 ന് ഫലം പ്രഖ്യാപിക്കും. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.