സംസ്ഥാന പോലീസ് സേനയിലേക്ക് 446 വനിതാ പോലീസ്. ഏതൊരു വെല്ലുവിളികളെയും നേരിടാൻ പര്യാപ്തമായ വിദഗ്ദ പരിശീലനം പൂർത്തിയാക്കി വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് മെയ് 22 ഞായറാഴ്ച രാവിലെ 8 മണിക്ക് രാമവർമ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൌണ്ടിൽ വച്ച് നടക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും.
സംസ്ഥാനപോലീസ് മേധാവി അനിൽകാന്ത് , എ.ഡി.ജി.പി ട്രെയിനിംഗ് & കേരള പോലീസ് അക്കാദമി ഡയറക്ടർ ബൽറാം കുമാർ ഉപാധ്യയ തുടങ്ങിയവര്ർ എന്നിവർ പങ്കെടുക്കും. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മെഡലുകൾ നൽകി ആദരിയ്ക്കും.
ഒരു വർഷത്തെ പരിശീലന കാലയളവിൽ ശാരീരിക ക്ഷമതയും മനകരുത്തും വർധിപ്പിയ്ക്കുന്ന ഔട്ട് ഡോർ, ഇൻഡോർ പാഠ്യപദ്ധതികളാണ് സ്വായത്തമാക്കിയത്. ഔട്ട് ഡോർ വിഭാഗത്തിൽ പരേഡ്, ശാരീരിക ക്ഷമതാ പരിശീലനം, ആംസ് ഡ്രിൽ, ആയുധ പരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തി പ്രയോഗം, സെൽഫ് ഡിഫൻസ്, ഫീൽഡ് എഞ്ചിനീയറിംങ്, കമാണ്ടോ ട്രെയിനിംങ്, ബോംബ് ഡിറ്റക്ഷൻ & ഡിസ്പോസൽ, വി.വി.ഐ.പി സെക്യൂരിറ്റി, ജംഗിൾ ട്രെയിനിംഗ്, ഫയർ ഫൈറ്റിംഗ്, ഹൈ ആൾട്ടിട്യൂഡ് ട്രെയിനിംഗ്, ഭീകര വിരുദ്ധ പരിശീലനം, ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുള്ള പരിശീലനം എന്നിവ ലഭിച്ചു.
ഇൻഡോർ വിഭാഗത്തിൽ ഭരണഘടന, ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടി ക്രമം, തെളിവ് നിയമം, അബ്കാരി ആക്ട്, എൻഡിപിഎസ് ആക്ട്, വിവരാവകാശ നിയമം, ജെൻഡർ ഇക്വാളിറ്റി, മനുഷ്യാവകാശ സംരക്ഷണം, ഭരണനിർവ്വഹണം, സ്ത്രീകളുടെയും കുട്ടികളുടേയും ക്ഷേമം, സൈബർ നിയമം, ഫൊറൻസിക് സയൻസ്, ക്രിമിനോളജി തുടങ്ങിയവയിൽ പരിശീലനം ലഭിച്ചു. ഇതോടൊപ്പം നീന്തൽ, ഡ്രൈവിംഗ്, കമ്പ്യൂട്ടർ എന്നീ പരിശീലനങ്ങളും ഉൾപ്പെടുന്നു. കൊച്ചി നേവൽ ബേസിലും, കോസ്റ്റ്ഗാർഡ് ആസ്ഥാനത്തുമായി കോസ്റ്റൽ സെക്യൂരിറ്റി പ്രായോഗിക പരിശീലനം, തൃശൂർ മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ പരിശീലനം എന്നിവയും നേടി. ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ പ്രത്യേക മൊഡ്യൂൾ പ്രകാരം പരിശീലിപ്പിച്ച് വൈദഗ്ധ്യം നേടി.
3-മത് ബാച്ചിന്റെ പരിശീലനം 2021 ഏപ്രിൽ 15 നാണ് ആരംഭിച്ചത്. പരിശീലനം ആരംഭിച്ച് പത്ത് ദിവസത്തിനുള്ളിൽ കോവിഡ് വ്യാപനം രൂക്ഷമായി. തുടർന്ന് രണ്ട് മാസം (66 ദിവസം) മാതൃ പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഇക്കാലയളവിലും ഓൺലൈൻ ആയി സിലബസനുസരിച്ചുള്ള പഠനം മുടക്കമില്ലാതെ നടന്നു. പരിശീലനത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പോലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്യുവാനും, കോവിഡ് പ്രോട്ടോക്കോൾ നടപ്പിലാക്കുവാനും, ലോക്കൽ പോലീസിന്റെ പ്രവർത്തനത്തിലും ദൈനംദിന ഡ്യൂട്ടികളിലും നേരിട്ട് ഇടപെട്ടുള്ള വലിയ അനുഭവ സമ്പത്ത് കൈവരിക്കാനും ഇവർക്ക് സാധിച്ചിട്ടുള്ളതാണ്.
ജൈവവൈവിധ്യ കലവറയായ അക്കാദമി കാമ്പസിൽ നാട്ടുമാവുകളും, കുരുവില്ലാത്ത ചെറുനാരകവും, വിവിധ വൃക്ഷലതാദികളും നട്ടുപിടിപ്പിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് ഇവർ പരിശീലനം പൂർത്തിയാക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് പരിശീലനാർത്ഥികൾ. യഥാക്രമം തിരുവനന്തപുരം 110, കൊല്ലം 75, പത്തനംതിട്ട 7, കോട്ടയം 14, ഇടുക്കി 10, ആലപ്പുഴ 32, എറണാകുളം 20, തൃശൂർ 23, കണ്ണൂർ 34, പാലക്കാട് 51, മലപ്പുറം 22, കോഴിക്കോട് 37, കാസർഗോഡ് 3, വയനാട് 7എന്നിങ്ങനെയാണ് പി.എസ്.സി വഴി പരിശിലീനത്തിനെത്തിയത്.
ഭൂരിഭാഗം പേരും 30 വയസ്സിനു താഴെ പ്രായമുള്ളവരാണ്. 25 വയസ്സിനു താഴയുള്ള 41 പേരുണ്ട്. പരിശീലനം പൂർത്തിയാക്കിവരിൽ ഉന്നത വിദ്യാഭാസം നേടിയിട്ടുള്ള നിരവധി പേരാണുള്ളത്. എം.സി.എ. 2, എം.ബി.എ. 6, എം.ടെക് 7, ബി.ടെക് 58, ബി.എഡ് 50, ബിരുദാനന്തര ബിരുദം 119, ബിരുദം 186 എന്നിങ്ങനെയാണ് വിദ്യാഭ്യാസ യോഗ്യത. വിവിധ സർക്കാർ സർവ്വീസിൽ നിന്ന് രാജിവെച്ച് വന്ന 18 പേർ പോലീസ് സേനയിലേക്കായി പരിശീലനത്തിനെത്തി. 280 പേർ വിവാഹിതരാണ്.
112 പേരുള്ള വനിതാ ബറ്റാലിയൻ ബാച്ച് കൂടി അക്കാദമിയിൽ പരിശീലനത്തിലുണ്ട്. അവരുടെ പരിശീലനം അക്കാദമിയിൽ പുരോഗമിച്ചു വരികയാണ്.