വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയവരുടെ കണക്കുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രി

0

കൊവിഡ് ആശങ്കയിലാണ് ഇന്ത്യ.വിവിധ രാജ്യങ്ങളിൽ നിന്ന് അഞ്ചു ദിവസത്തിന് ശേഷം ഇന്ത്യയിലെത്തിയവരുടെ കണക്കുകൾ കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ പുറത്ത് വിട്ടു. കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് മാർച്ച് 21 ന് ശേഷം ഇന്ത്യയിലെത്തിയത് 64,000 ത്തോളം പേരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇങ്ങനെ വന്നവരിൽ 8000 ത്തോളം പേരെ വിവിധ ക്വാറൻറ്റൈൻ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 56,000ത്തോളം പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കൊവിഡ് 19 സംബന്ധിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിന് ശേഷം കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ പറഞ്ഞു. നമ്മെയും മറ്റുളളവരെയും സംരക്ഷിക്കുന്നതിന് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. പകർച്ചവ്യാധിക്ക് എതിരെയാണ് നാം പോരാട്ടം നടത്തുന്നത്. സർക്കാർ നൽകുന്ന മാർഗനിർദേശങ്ങളും ജനങ്ങൾ കൃത്യമായി പാലിക്കണം. അല്ലാത്തപക്ഷം ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188 -വകുപ്പ് പ്രകാരമുള്ള നിയമ നടപടികൾ നേരിടേണ്ടിവരും. കൊവിഡ് വ്യാപനം നേരിടാൻ സംസ്ഥാനങ്ങൾക്ക് പിൻതുണ നൽകാൻ സ്വീകരിക്കേണ്ട നടപടികൾ മന്ത്രിതല സമിതി ചർച്ച ചെയ്തു. ലോക്ക് ഡൗണിനിടെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണമെന്ന് സമിതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.