HomeIndiaഒറോവില്‍ അഥവ ആഗോളഗ്രാമം

ഒറോവില്‍ അഥവ ആഗോളഗ്രാമം

ഡോ. സന്തോഷ് മാത്യു എഴുതുന്നു

മിറാ അല്‍ഫാസ്സാ -തുര്‍ക്കിക്കാരന്‍ അച്ഛനും ഈജിപ്ത്യന്‍ അമ്മക്കും പിറന്ന കുട്ടി. പക്ഷേ ലോകം ഇന്നുവരെ അറിയുന്നത് മദര്‍ എന്ന പേരില്‍. അതിലുപരി ഒരു അന്തര്‍ദേശീയ ഗ്രാമം വിഭാവനം ചെയ്ത ആളെന്ന നിലയില്‍. ആഗോളവത്ക്കരണം വരുന്നതിന് ദശകങ്ങള്‍ക്ക് മുന്നേ ആഗോളഗ്രാമം പടുത്തുയര്‍ത്തിയ ഖ്യാതിയും മദറിന് മാത്രം.

2600 ഏക്കര്‍, 20 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഒരു ഗ്രാമം. അതാണ് ഒറോവില്‍, എന്നു പറഞ്ഞാല്‍ ഉദയരശ്മികളുടെ പട്ടണം. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ഒറോവില്‍ എങ്കിലും ഭൂമിശാസ്ത്രപരമായ അടുപ്പം കൊണ്ട് പുതുശ്ശേരിയുടെ മുഖമുദ്രകളിലൊന്നാണ് ഈ ആഗോളഗ്രാമം.

ശ്രീ അരബിന്ദോയുടെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ മിറാ അല്‍ഫോസ്സാ എന്ന ജൂതപെണ്‍കുട്ടി 1914ല്‍ പോണ്ടിച്ചേരിയില്‍ എത്തിയതോടെ തുടങ്ങുന്നു ഒറോവിലിന്റെ ചരിത്രം. ഇടക്കാലത്ത് ജപ്പാനിലേക്ക് മിറാ തിരിച്ചു പോയെങ്കിലും ഇന്ത്യന്‍ മണ്ണ് അവരെ കാന്തം പോലെ വലിച്ചടുപ്പിച്ചു.

അരലക്ഷം ജനസംഖ്യയുള്ള ആഗോളഗ്രാമത്തിനാണ് വിഭാവനം ചെയ്തതെങ്കിലും ഇപ്പോള്‍ 2200 അന്തേവാസികള്‍ മാത്രമാണ് ഇവിടുള്ളത്. പക്ഷേ ചുറ്റുപാടുള്ള ഗ്രാമങ്ങളിലെ അയ്യായിരത്തിലധികം പേര്‍ ഒറോവിലിനെ ആശ്രയിച്ചാണ് കഴിയുന്നത്.
1968 ഫെബ്രുവരി 28നാണ് ഈ ആഗോളഗ്രാമം ഉദ്ഘാടനം ചെയ്തത്. 124 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത, അത്രയും രാഷ്ട്രങ്ങളില്‍ നിന്നുള്ള മണ്ണ് ശേഖരിച്ച് നടത്തിയ നിര്‍മ്മിതിയാണ് ഇന്ന് കാണുന്ന മൈത്രിമന്ദിരം. 124 സ്വതന്ത്ര രാഷ്ട്രങ്ങളേ ലോകത്ത് അന്നുണ്ടായിരുന്നുള്ളൂ.

പൂര്‍ണതക്കായുള്ള മനുഷ്യന്റെ ത്വരക്കുള്ള ഉത്തരം അതാണ് മൈത്രിമന്ദിരം. ശില്‍പ്പകലാ വൈഭവത്തിന്റെ എക്കാലത്തേയും ഉദാത്തമായ മാതൃകകളിലൊന്നാണത്. നിരവധി ദേശരാഷ്ട്ര തലവന്മാരും നേതാക്കളും ധ്യാനിച്ച മന്ദിരം, അതാണ് മൈത്രിമന്ദിര്‍. ഒറോവിലിലെ ഒത്ത മധ്യത്തിലായി, തങ്കത്തില്‍ പൊതിഞ്ഞ മിന്നുന്ന കാഴ്ച ഒന്ന് കാണേണ്ടത് തന്നെയാണ്. ഡല്‍ഹിക്ക് ലോട്ടസ് ടെംപിള്‍ എന്താണോ അതാണ് പോണ്ടിച്ചേരിക്കാര്‍ക്ക് വ#ത്താകാരത്തിലുള്ള മൈത്രിമന്ദിരവും.

ഒറോവില്‍ ഫൗണ്ടേഷന്‍ എന്ന പാര്‍ലമെന്റ് ആക്ട് പ്രകാരം ായതിനാല്‍ രൂപവത്കൃതമായ സമിതിയാണ് ഇപ്പോള്‍ ഇതിന്റെ പൂര്‍ണ മേല്‍നോട്ടം വഹിക്കുന്നത്. പോണ്ടിച്ചേരിക്ക് 12 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ഈ പരീക്ഷണ ആഗോള നഗരത്തിലേക്ക് ഇസിആര്‍ റോഡിലൂടെ അനായാസം എത്തിച്ചേരാം.

പ്രകൃതിയുമായി ഇഴപിരിയാത്ത ബന്ധം നിലനിര്‍ത്തുന്ന ഒറോവിലിയന്‍ ജനത പ്രകൃതിദത്ത സാങ്കേതിക വിദ്യകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ജൈവപരമായ ജീവിത രീതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. സുസ്ഥിര വികസനം ഒറോവിലിയന്‍ ഭരണഘടനയില്‍ തന്നെ എഴുതിച്ചേര്‍ത്തിരിക്കുന്നു. അതിനാല്‍ തന്നെ സോളാര്‍ കുക്കറുകള്‍, വഴിവിളക്കുകള്‍, ബയോഗ്യാസ് പദ്ധതികള്‍, പരിഷക്കരിച്ച അടുപ്പുകള്‍ എന്നിവയുടെ ഒക്കെ പ്രചാരകര്‍ കൂടിയാണ് ഒരോ ഒറോവിലിയനും.

ഒറോവിലിയന്‍ അംഗത്വം വളരെ സങ്കീര്‍ണമാണ്. സിപിഎമ്മില്‍ ചേരുന്നതുപോലെ ആദ്യം കാന്‍ഡിഡേററ് അംഗത്വം മാത്രമേ ലഭിക്കൂ. പിന്നീട് സൊസൈറ്റിക്ക് ബോധ്യമായാല്‍ മാത്രമേ ഒറോവിലിയന്‍ സഹവാസി എന്ന സ്ഥാനം ലഭിക്കൂ.
പുതുശ്ശേരി നഗരത്തിലുള്ള ശ്രീ അരബിന്ദോ ഇന്റര്‍നാഷണല്‍ സ്‌കൂളുമായി സഹകരിച്ചാണ് അന്തേവാസികളുടെ കുട്ടികളുടെ പഠനം. നിയതമായ ചട്ടവട്ടങ്ങളോ പാഠ്യക്രമങ്ങളോ ഒന്നുമില്ലാത്ത പഠനം, പ്രകൃതിയെ തൊട്ടറിഞ്ഞ, പ്രകൃതിയോടിണങ്ങിയതാണ് പാഠ്യക്രമം.

ശ്രീ അരബിന്ദോ സൊസൈറ്റിയുടെ സംരംഭം എന്ന നിലക്കാണ് 1968ല്‍ ഒറോവില്‍ തുടങ്ങിയത്. പിന്നീട് അന്തേവാസികളും സൊസൈറ്റിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചു. ഇപ്പോള്‍ കരണ്‍സിങ്ങ് ചെയര്‍മാനായ ഫൗണ്ടേഷനാണ് മേല്‍നോട്ടം.

ഒറോവില്‍ അന്തേവാസികളുടെ വകയായി നിരവധി സ്ഥാപനങ്ങള്‍ കാന്റീന്‍ മുതല്‍ കരകൗശല വസ്തുക്കളുടെ ഷോറൂം വരെ. തുണിക്കടകള്‍ മുതല്‍ എഫ്എം റേഡിയോ വരെ നീളുന്ന പ്രവര്‍ത്തന പന്ഥാവുകള്‍. പോണ്ടിച്ചേരിയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും ഒറോവില്‍ ഉല്‍പ്പന്ന ഷോറൂമുകളുണ്ട്. ഇതില്‍ നിന്നാണ് സ്വാശ്രയ സങ്കല്‍പ്പത്തിലൂന്നിയ ഈ ആഗോളഗ്രാമത്തിന്റെ വരുമാനം.

ഉദയകിരണങ്ങളുടെ ഈ പട്ടണം, ലോകം ഒരു പക്ഷിക്കൂടു പോലെ വിളങ്ങട്ടെ എന്ന ടാഗോര്‍ വരികള്‍ക്ക് എന്തുകൊണ്ടും അര്‍ത്ഥസംപുഷ്ടമാണ്. വിശ്വമാനവ മൈത്രിയും സാര്‍വജനിക ഭാവനയും യഥാര്‍ത്ഥ സോഷ്യലിസവും വാഴുന്നിടം.

സ്വകാര്യസ്വത്തെന്ന ആശയം വലിച്ചെറിഞ്ഞ് രാജ്യങ്ങള്‍ തമ്മിലുള്ള വേലിക്കെട്ടുകള്‍ വലിച്ചെറിഞ്ഞവര്‍, ഇതൊക്കെയാണ് ഒറോവില്‍ ജനത.

ഡോ. സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി

Most Popular

Recent Comments