കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.ആര്‍.എല്‍.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശില്‍പ്പശാലയ്ക്ക് തൃശൂരില്‍ തുടക്കം. ‘ജെന്‍ഡര്‍ സംയോജന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും’ എന്ന വിഷയത്തിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. എന്‍.ആര്‍.എല്‍.എംന്റെ ഭാഗമായി നിലവില്‍ ജെന്‍ഡര്‍ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവര്‍ത്തന രീതി പഠിക്കുകയും പൊതുവായ പ്രവര്‍ത്തന തന്ത്രങ്ങള്‍ രൂപപ്പെടുത്തുകയുമാണ് ശില്‍പ്പശാലയുടെ ലക്ഷ്യം.
ശില്‍പ്പശാലയുടെ ആദ്യ ദിനത്തില്‍ ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീത കെജ്‌രിവാള്‍ എന്‍.ആര്‍.എല്‍.എംലെ ജെന്‍ഡര്‍ സമന്വയം എന്ന വിഷയം അവതരിപ്പിച്ചു. പഞ്ചായത്തീരാജ് സ്ഥാപനങ്ങളും സാമൂഹ്യ സംഘടനാ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജനത്തിലൂടെയുള്ള സ്ത്രീശാക്തീകരണം കേരളത്തില്‍ എന്ന വിഷയം മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് അവതരിപ്പിച്ചു. എന്‍.ആര്‍.എല്‍.എം തയാറാക്കിയ ജെന്‍ഡര്‍ സമന്വയത്തെക്കുറിച്ചുള്ള കൈപ്പുസ്തകവും പുറത്തിറക്കി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തമിഴ്‌നാട്, കര്‍ണ്ണാടക, ബീഹാര്‍, ഗുജറാത്ത് തുടങ്ങിയ 19 സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷദ്വീപ്, പുതുച്ചേരി എന്നിങ്ങനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള എഴുപതോളം പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്ക്, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ തുടങ്ങിയ വിവിധ ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടറിയുന്നതിനായി പ്രതിനിധികള്‍ നാളെ (മാര്‍ച്ച് 16) ഫീല്‍ഡ് സന്ദര്‍ശനവും ശില്‍പ്പശാലയുടെ ഭാഗമായി നടത്തും. ശില്‍പ്പശാല 17ന് അവസാനിക്കും.