HomeKeralaകൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതമായ തൊഴിലിടങ്ങളും സൃഷ്ടിക്കും: റവന്യൂ മന്ത്രി

കൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതമായ തൊഴിലിടങ്ങളും സൃഷ്ടിക്കും: റവന്യൂ മന്ത്രി

കേരളത്തിലെ മുഴുവൻ വീടുകളിലേക്കും ഒരു തൊഴിൽ എന്ന നിലയിൽ കൂടുതൽ തൊഴിലവസരങ്ങളും സുരക്ഷിതമായ തൊഴിലിടങ്ങളും സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തൃശൂര്‍ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ തൃശൂര്‍ വിമല കോളേജില്‍ സംഘടിപ്പിച്ച പ്രാപ്തി മെഗാ തൊഴിൽ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സ്വകാര്യമേഖലയ്ക്കും സർക്കാർ മേഖലയ്ക്കുമുള്ള മുഴുവൻ അവസരങ്ങളും പ്രയോജനപ്പെടുത്തി നൈപുണ്യ വികസനത്തിന്റെ വിവിധ തലങ്ങളിലൂടെ കടന്നുപോയവർക്ക് ജോലി ലഭ്യമാക്കാനുള്ള അവസരങ്ങളാണ് മെഗാ തൊഴിൽ മേളയിലൂടെ സർക്കാർ സൃഷ്ടിക്കുന്നത്. ഒരു പ്രളയത്തിനും കോവിഡിനും മലയാളിയെ വിട്ടുകൊടുക്കാൻ കഴിയില്ല എന്ന പ്രഖ്യാപനത്തിന്റെ ഭാഗമാണ് തൊഴിൽമേളകൾ. തുടർച്ചയായ യുദ്ധമാണ് അവസരങ്ങൾ തേടിയുള്ള മുന്നോട്ടു പോക്കെന്ന് ധാരണയോടെ പോകാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിൽ തൊഴിലവസരങ്ങൾ ചുരുക്കപ്പെടുന്നുണ്ടോയെന്ന് ഭീതി ജനിക്കപ്പെടുന്ന ആശങ്കകൾക്കിടയിലും കൂടുതൽ അവസരങ്ങൾ എങ്ങനെ സൃഷ്ടിച്ചു കൊടുക്കാമെന്ന സാമൂഹ്യ- സാമ്പത്തിക ബദൽ സംവിധാനമാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. ഏത് പ്രതിസന്ധിയുടെ കാലത്തും ലോകത്തിന് മുന്നിൽ കേരളത്തിന് ഒരു മോഡൽ അവതരിപ്പിക്കാൻ സാധിക്കുന്നു. കോവിഡിന് ശേഷം പുതിയ അവസരങ്ങൾ ഇല്ലാതാക്കുന്ന സാഹചര്യം വ്യാപകമാകുകയും ജോലി സുരക്ഷിതത്വം പ്രധാന പ്രശ്‌നമായി മാറുകയും ചെയ്തു. ഈ അവസരത്തിലാണ് കോവിഡിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഓരോ തദ്ദേശ സ്ഥാപനവും ആയിരം പേരിൽ പത്ത് പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയുന്ന തൊഴിലവസരം സൃഷ്ടിക്കണമെന്ന ആശയവുമായി മുന്നോട്ടു പോകുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ എന്ന സർക്കാർ ദൗത്യത്തിന് ഊന്നൽ നൽകുന്നതാണ് ഇത്തരം തൊഴിൽ മേളകളെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. അർഹതപ്പെട്ടവർക്ക് ജോലി ലഭിക്കാൻ ഉള്ള വേദിയായി തൊഴിൽ മേളകളെ കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് തൊഴിൽമേള സംഘടിപ്പിച്ചത്. ജില്ലാ കലക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ, ചാലക്കുടി ഐ ടി ഐ പ്രിൻസിപ്പാൾ കെ ജി ജീന, വിമല കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബീനാ ജോസ് തുടങ്ങിയവർ പങ്കെടുത്തു.

Most Popular

Recent Comments