ഡോ സന്തോഷ് മാത്യു എഴുതുന്നു
സ്ത്രീകള്‍ക്ക് വോട്ടവകാശം.. 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിന്തിക്കാന്‍ പോലും ആവുന്നതായിരുന്നില്ല അത്. 1918ല്‍ ബ്രിട്ടനില്‍ ഭാഗികമായെങ്കിലും വോട്ടവകാശം സ്ത്രീകള്‍ നേടിയെടുത്തതോടെയാണ് ലോകമെങ്ങും ലിംഗഭേദമെന്യേ വോട്ടവകാശം വേണമെന്ന വാദത്തിന് ആക്കം കൂടുന്നതും.
1918 ഫെബ്രുവരി ആറിന് ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമമാണ് 30 വയസ്സിന് മേലെ പ്രായമുള്ള സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിച്ചത്. എന്നാല്‍ പുരുഷന്മാരുടെ വോട്ടിംഗ് പ്രായമാകട്ടെ 21ഉം. പിന്നെയും നിബന്ധനകള്‍ ഉണ്ടായിരുന്നു സ്ത്രീകള്‍ക്ക്. ബിരുദധാരിണി ആയിരിക്കുകയോ സ്വന്തം പേരില്‍ നിശ്ചിത സ്ഥാവര ജംഗമ വസ്തുക്കള്‍ ഉണ്ടായിരിക്കുകയോ വേണം വോട്ടവകാശം ലഭിക്കാന്‍.
10 വര്‍ഷം കൂടി കഴിഞ്ഞ ശേഷമാണ് സാര്‍വത്രിക വോട്ടവകാശം പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ലഭിച്ചത്. 1928ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമത്തിലൂടെയാണ് 21 വയസ്സായ എല്ലാ ബ്രിട്ടീഷ് പൗരത്വമുള്ള സ്ത്രീകള്‍ക്കും വോട്ടവകാശം ലഭിച്ചത്. ഇതിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച വോട്ടവകാശ പ്രസ്ഥാനത്തിന്റെ (suffrage movements) നായിക എമലൈന്‍ പാന്‍കൃസ്റ്റിന്റെ മരണത്തിന് ഏതാനും ആഴ്ചകള്‍ക്കകം സാര്‍വത്രിക വോട്ടവകാശം ബ്രിട്ടനില്‍ എല്ലാ സ്ത്രീകള്‍ക്കും ലഭിച്ചു. ഇത് ആ ധീരവനിതയോടുള്ള ആദരവ് കൂടിയായാണ് പരിഗണിക്കുന്നത്.
ലോകസാമൂഹ്യ വ്യവസ്ഥയെയും ലിംഗനീതിയേയും പുനര്‍നിര്‍വചിച്ച സ്ത്രീവോട്ടവകാശ നിയമങ്ങള്‍ക്ക് പിന്നില്‍ രക്തരൂക്ഷിതമായ സമരചരിത്രമുണ്ട്. വമ്പന്‍ റാലികള്‍ സംഘടിപ്പിച്ചും, റെയില്‍ ലൈനുകള്‍ ഉപരോധിച്ചും വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തും വൈദ്യുതി ലൈനുകള്‍ താറുമാറാക്കിയും ഒക്കെയാണ് വോട്ടിംഗ് വാദികള്‍ സമരം നയിച്ചത്. തീവ്ര നിലപാടുകള്‍ക്ക് നേതൃത്വം നല്‍കിയതാവട്ടെ എമലൈന്‍ പാന്‍കൃസ്റ്റും. 1913ല്‍ എമിലി ഡേവിസണ്‍ എന്ന വനിത രക്തസാക്ഷിത്വം വഹിച്ചതോടെ യൂറോപ്പിലെമ്പാടും സാര്‍വത്രിക വോട്ടവകാശം സ്ത്രീകള്‍ക്കും കൂടി എന്ന മുദ്രാവാക്യത്തിന് ആക്കം കൂടി.
1893ല്‍ ബ്രിട്ടീഷ് കോളനി ആയിരുന്ന ന്യൂസിലാണ്ട് ആണ് സ്ത്രീകള്‍ക്ക് ലോകത്താദ്യമായി വോട്ടവകാശം നല്‍കിയത്. 1881ല്‍ ബ്രിട്ടന്റെ പുത്രികാരാജ്യമായി കണക്കാക്കിയിരുന്ന ഐസില്‍ ഓഫ് മാന്‍ ഭാഗിക വോട്ടവകാശം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. 1895ല്‍ ആസ്‌ത്രേലിയ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയെങ്കിലും 1921ല്‍ മാത്രമാണ് ഒരു വനിത പാര്‍ലമെന്റില്‍ എത്തുന്നത്. 1906ല്‍ ഫിന്‍ലാണ്ട് യൂറോപ്പില്‍ ആദ്യമായി സ്ത്രീള്‍ക്ക് വോട്ടവകാശം നല്‍കി.
1920ല്‍ 19ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നത്. ദക്ഷിണേഷ്യയില്‍ 1931ല്‍ ശ്രീലങ്കയും 1932ല്‍ മാലിദ്വീപും 1963ല്‍ അഫ്ഗാനിസ്ഥാനും വോട്ടവകാശം നല്‍കി. സ്വാതന്ത്യപ്രാപ്തിയോടൊപ്പം ഇന്ത്യ, പാക്കിസ്താന്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു.
1971ല്‍ ബംഗ്ലാദേശിലും സ്വാതന്ത്ര്യത്തോടൊപ്പം സ്ത്രീകള്‍്ക് വോട്ടവകാശവും ലഭിച്ചു. മാത്രമല്ല കഴിഞ്ഞ നാല് പതീറ്റാണ്ടായി അവിടുത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നതും സ്ത്രീകളാണ്. ഖാലിദ സിയയും, ഷേയ്ക്ക് ഹസീനും മാറി മാറി രാജ്യം ഭരിക്കുന്നു. ലോകത്താദ്യമായി അമ്മയും മകളും പ്രധാനമന്തിമാരായത് ശ്രീലങ്കയിലാണ്. സിരിമാവോ ഭണ്ടാരനായകെയും ചന്ദ്രികാ കുമാരതുംഗെയും.
പാക്കിസ്താന്‍ പ്രധാനമന്ത്രിയായിരിക്കെ 1990ല്‍ പ്രസവിച്ച ബേനസീര്‍ ബൂട്ടോ ആണ് ആ പദവിയിലിരിക്കെ അമ്മയായ ആദ്യ വനിത. ഇന്ത്യയിലെ ഇന്ദിരാ ഗാന്ധിയും ബ്രിട്ടനിലെ മാര്‍ഗരറ്റ് താച്ചറും ഉരുക്കു വനിതകളായിരുന്നു.
ബ്രിട്ടനിലെ ചരിത്ര നിയമത്തിന് 100 വയസ്സായി. ഈ ചരിത്രം രചിക്കാന്‍ വേണ്ടിവന്നത് 50 വര്‍ഷത്തെ പോരാട്ടമാണ്. എമലൈന്‍ പാന്‍കൃസ്റ്റിനെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ചരിത്രം തള്ളിവിടുകയായിരുന്നു. ഏതായാലും തീവ്രനിലപാടുകള്‍ 1918ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു. ഒന്നാം ലോകമഹായുദ്ധത്തില്‍ സ്ത്രീകള്‍ നല്‍കിയ പങ്കിനെ ആദരിച്ചാണ് വോട്ടവകാശം നല്‍കിയതെന്ന മറുവാദവും ഉണ്ട്. 1999ല്‍ ടൈം മാഗസിന്‍ 20ാം നൂറ്റാണ്ടിനെ സ്വാധീനിച്ച 100 വ്യക്തികളെ തെരഞ്ഞെടുത്തപ്പോള്‍ എമലൈനും ആ പട്ടികയില്‍ ഇടം നേടിയിരുന്നു.
ഏതായാലും ബ്രിട്ടന്‍ നിയമങ്ങള്‍ ലോകത്തെമ്പാടും അലയൊലികള്‍ സൃഷ്ടിച്ചു. സോവിയറ്റ് യൂണിയന്‍ 1917ലും ജര്‍മനി 1918ലും ബ്രസീലും തായ്‌ലണ്ടും 1934ലും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. എ്‌നാല്‍ ഫ്രാന്‍സ് 1944 വരെ കാത്തുനിന്നു. 1971ല്‍ മാത്രമാണ് സ്വിറ്റ്‌സര്‍ലാണ്ട് വോട്ടവകാശം നല്‍കിയത്.
ഇപ്പോഴും സാര്‍വത്രിക വോട്ടവകാശം വിദൂരമായ രാജ്യങ്ങളുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ പലതിലും പരിമിതമായ വോട്ടവകാശമേ സ്ത്രീകള്‍ക്കുള്ളൂ. ഏറെ പുരോഗതി പ്രാപിച്ച യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ പോലും പരിമിതമായ വോട്ടിംഗ് അവകാശമേ ഉള്ളൂ. ബ്രൂണെ പോലെ സുല്‍ത്താന്മാര്‍ ഭരിക്കുന്ന രാജ്യങ്ങളിലും സാര്‍വത്രിക വോട്ടവകാശം ഇന്നും വിദൂരസ്വപ്‌നമാണ്.
സാര്‍വത്രിക വോട്ടവകാശം സ്ത്രീകള്‍ക്കും ലഭ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് 1918 ഫെബ്രുവരി 6ലെ നിയമം. പീപ്പിള്‍സ് റപ്രസന്റേഷന്‍ ആക്ട് എന്ന ആ ചരിത്ര സംഭവം 100 വര്‍ഷം പിന്നിട്ടു. ഇത് ബ്രിട്ടനിലെ വനിതകള്‍ക്ക് മാത്രമായുള്ള നിയമമായല്ല, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ആവേശമായുള്ളതാണ്. സ്ത്രീകളെ പുരുഷന് തുല്യമായി കാണണം എന്ന ചിന്ത വളര്‍ത്തിയെന്നതു കൂടിയാണ് ഈ ചരിത്ര പ്രഖ്യാപനത്തിന്റെ മഹത്വം.
ഡോ സന്തോഷ് മാത്യു
അസി. പ്രൊഫസര്‍
സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പോണ്ടിച്ചേരി