ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ വാനമ്പാടി സംഗീത ഇതിഹാസം ലതാ മങ്കേഷ്‌ക്കര്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 92 വയസ്സായിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്നുള്ള അവശതയെ തുടര്‍ന്നാണ് ജനുവരി 8ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു രാജ്യം. ആറു ദിവസം മുന്‍പ് കോവിഡ് മുക്തയായെങ്കിലും ആരോഗ്യ സ്ഥിതി മോശമായി തുടര്‍ന്നു.
1929 മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജനിച്ച അവരുടെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. സംഗീതജ്ഞനായിരുന്ന അച്ഛന്‍ ദീനനാഥ് മങ്കേഷ്‌ക്കറുടെ മരണത്തോടെ സ്ഥിതി ഏറെ ദയനീയമായി. തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ കുടുംബഭാരം ഏറ്റെടുത്ത അവര്‍ ജോലിക്കായി മുംബൈയിലേക്ക് വണ്ടികയറിയതാണ് വഴിത്തിരിവായത്.
പ്രമുഖ സംഗീതജ്ഞന്‍ ഗുലാം ഹൈദറാണ് ലതയിലെ സംഗീത ഇതിഹാസത്തെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചത്. 1942 മുതല്‍ ചലച്ചിത്ര ഗാന മേഖലയിലെ ഒഴിച്ചു കൂടാനാവാത്ത വ്യക്തിയായി. ഭാരത രത്‌ന, ദാദാ സാഹേബ് ഫാല്‍ക്കേ, പദ്മഭൂഷണ്‍ , മഹാരാഷ്ട്ര ഭൂഷണ്‍ തുടങ്ങിയ ഉന്നത പുരസ്‌ക്കാരങ്ങള്‍ ലതയെ തേടിയെത്തി. രാജ്യസഭയില്‍ നോമിനേറ്റഡ് അംഗമായിട്ടുണ്ട്. മറ്റൊരു സംഗീത ചക്രവര്‍ത്തിനിയായ ആശാ ബോസ്ല സഹോദരിയാണ്.