രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍

0

കോവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍. ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 15000 കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജ്യത്തെ പൗരന്മാരെ രക്ഷിക്കാന്‍ ഈ നടപടി അത്യന്താപേക്ഷിതമാണ്. ഇന്ന് രാത്രി മുതല്‍ പുറത്തിറങ്ങുന്നതിന് കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ജനതാ കര്‍ഫ്യൂവിനേക്കാള്‍ കര്‍ശനമായ ലോക്ക് ഡൗണാണ് പ്രഖ്യാപിക്കുന്നത്.
ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ഈ മഹാമാരിയെ പിടിച്ചു കെട്ടാനുള്ള വഴി. വീട്ടില്‍ അടച്ചിരിക്കൂ..സുരക്ഷിതരായിരിക്കൂ എന്നതാണ് മുദ്രാവാക്യം. ഈ ആപത്ത് ഘട്ടത്തിലും ചിലര്‍ നിരുത്തരവാദപരമായാണ് പെരുമാറുന്നത്. ഇത് തുടര്‍ന്നാല്‍ രാജ്യം വലിയ വില കൊടുക്കേണ്ടിവരും. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുന്നതാണ് ലോക്ക് ഡൗണ്‍. പക്ഷേ നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഇത് അനിവാര്യമാണ്.
ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നല്ലാതെ കഴിക്കരുത്. വ്യാജ ചികിത്സ ജീവന് തന്നെ ആപത്താണ്. കൈകൂപ്പി ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. ആരും വീടിന് പുറത്തിറങ്ങരുത്. ഈ കാലത്തെയും നമ്മള്‍ അതിജീവിക്കും. വലിയ കാലയളവിലേക്കാണ് ലോക്ക് ഡൗണ്‍. ഇത് സര്‍ക്കാരിന് അറിയാം. പക്ഷേ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും നരേന്ദ്ര മോദി പറഞ്ഞു.