നിളയോരത്തെ സവിശേഷ ജൈവസമ്പത്തും, പൈതൃക ചരിത്രവും, സാംസ്കാരിക ജീവിതവും പഠനവിധേയമാക്കാൻ അമ്പത് സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ “പുനർജനി” പഠനയാത്രയ്ക്കും പ്രകൃതി പഠന ക്യാമ്പിനും നാളെ ശനിയാഴ്ച തുടക്കമാകും.
കൽപാത്തിയിൽ രാവിലെ 9 മണിക്ക് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാലക്കാട് മേഴ്സികോളേജ് വിദ്യാർത്ഥിനികളാണ് പഞ്ചദിന ക്യാമ്പിന് നേതൃത്വം നൽകുന്നത്. വനംവകുപ്പ്, നിളാ വിജ്ഞാന കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. നിളയോരത്തെ പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളുടെ സന്ദർശനം, പുഴയുടെ കൈതിരിവുകൾ, സംഗമസ്ഥാനങ്ങൾ, സാഹിത്യനായകരുമായി മുഖാമുഖം എന്നിവയെല്ലാം യാത്രയുടെ ഭാഗമായി നടക്കും. ചിറ്റൂർ മുതൽ പൊന്നാനി വരെയാണ് യാത്ര.
നിളാ പഠന യാത്ര പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്യും. ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ പ്രിയഅജയനും നിർവ്വഹിക്കും. നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിൽ മേഴ്സി കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ജിസാല ജോർജ്ജ് അധ്യക്ഷത വഹിക്കും. കൌൺസിലർ വിശ്വനാഥൻ, മേഴ്സി കോളേജ് സാമൂഹ്യ വിഭാഗം മേധാവി ശൂഭിതമേനോൻ, ചെന്താമരാക്ഷൻ എന്നിവർ സംബന്ധിക്കും.
ആദ്യ രണ്ടു ദിവസം നിളാ പഠനയാത്ര, തുടർന്ന് വനംവകുപ്പ് നേതൃത്വത്തിൽ ചൂലന്നൂർ മയിൽ സങ്കേതത്തിലാണ് ക്യാമ്പ്. ചെറുതുരുത്തി പാലത്തിനടുത്ത് നിളയിൽ സാംസ്കാരിക സന്ധ്യ യാത്രയുടെ ഭാഗമായി നടക്കും. അഡ്വ പ്രഭാശങ്കർ, സന്ധ്യമന്നത്ത് എന്നിവർ നേതൃത്വം നൽകും. തിരുവില്വാമല ഗ്രാമപഞ്ചായത്തുമായി ചേർന്ന് കൈത്തറി ഗ്രാമമായ കുത്താമ്പുള്ളി ഗ്രാമവാസികളുടെ നിളാസംരക്ഷണവും, നെയ്ത് ജീവിതവും ക്യാമ്പംഗങ്ങൾ സർവ്വേയിലൂടെ കണ്ടെത്തി പഠനവിധേയമാക്കും. കുത്താമ്പുള്ളി ഗ്രാമത്തിൽ ഡിസംബർ 13 ന് രാവിലെ 9 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്മിത സുകുമാരൻ സർവ്വേ ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവില്വാമല പുനർജ്ജനി കേന്ദ്രം സംഘം സന്ദർശിക്കും.
ഭാരതപ്പുഴയുടെ സാംസ്കാരിക പാരമ്പര്യം വിഷയത്തിൽ പ്രശസ്ത സിനിമാതാരം ജയരാജ് വാര്യർ, വാനനിരീക്ഷണ ക്ലാസ്സിന് എടപ്പാൾ സുകുമാരൻ, ഭാരതപ്പുഴയിലെ പക്ഷികളും ജീവജാലങ്ങളും എന്ന വിഷയത്തിൽ റിസർച്ച് സ്കോളർ പി.എൻ അനൂപ് രാജ്, നിളയിലെ ജൈവവൈവിധ്യവും, പാരിസ്ഥിതിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ കൊയമ്പത്തൂർ സലീം അലി ഇൻസിറ്റ്യൂട്ട് പ്രിൻസിപ്പൽ സീനിയർ സയന്റിസ്റ്റ് ഡോ.പ്രമോദ് , വനം വന്യജീവികളും ഫോട്ടോഗ്രാഫിയും എന്ന വിഷയത്തിൽ പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ പി.എം പ്രഭു, ഭാരതപ്പുഴയുടെ പൈതൃകം വിഷയത്തിൽ മാധ്യമപ്രവർത്തകൻ വി.മുരളി എന്നിവർ വിവിധ ക്ലാസ്സ് നയിക്കും.
വിവിധ നേതൃത്വ പരിശീലനങ്ങൾ, ഗ്രൂപ്പ് ചർച്ച, പ്രൊജക്ട് രൂപീകരണം എന്നിവയെല്ലാം ക്യാമ്പിന്റെ ഭാഗമായി നടക്കുമെന്ന് സംഘാടകരായ ഐ.ബി.ഷൈൻ, കെ.ടി കൃഷ്ണകുമാർ, വിപിൻ കൂടിയേടത്ത് എന്നിവർ അറിയിച്ചു. നിളാ സംരക്ഷണത്തിന് വിദ്യാർത്ഥി കൂട്ടായ്മ തീർക്കലാണ് പുനർജ്ജനി ക്യാമ്പിന്റെ ലക്ഷ്യം.