HomeKeralaKasaragodeകാസര്‍കോടും കോഴിക്കോടും നിരോധനാജ്ഞ

കാസര്‍കോടും കോഴിക്കോടും നിരോധനാജ്ഞ

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ കലക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസര്‍കോട്, കോഴിക്കോട് ജില്ലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം കാസര്‍കോട്‌ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു  ഉത്തരവിറക്കി. ജില്ലയിലെ 17 പോലീസ് സ്‌റ്റേഷന്‍ പരിധികളിലെയും എല്ലാ ആഭ്യന്തര പൊതുഗതാഗത സംവിധാനങ്ങളും അവശ്യ സാധനങ്ങളുടേതല്ലാത്ത മുഴുവന്‍ വ്യാപാര സ്ഥാനങ്ങളും ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എല്ലാത്തര ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ക്ലബ്ബുകളും സിനിമാ തീയേറ്ററുകളും പാര്‍ക്കുകളും മറ്റ് വിനോദ സ്ഥാപനങ്ങളും ഇന്ന് (മാര്‍ച്ച് 22 ) രാത്രി ഒമ്പത് മുതല്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല.
എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് പാല്‍ ബൂത്തുകള്‍, പെട്രേള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍, ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ എന്നിവ പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ അത്തരം കടകളില്‍ ജനങ്ങള്‍ കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിച്ച് സാനിറ്ററൈസര്‍, മാസ്‌കൂകള്‍ എന്നിവ ഉപയോഗിച്ച് മാത്രമേ കടകള്‍ക്കുള്ളിലോ പുറത്തോ എത്തിച്ചേരുന്നുള്ളുവെന്ന് പോലീസ് ഉറപ്പു വരുത്തണം.
ഇതില്‍ പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും പെതു ഇടങ്ങളിലേക്കുള്ള അനാവശ്യ യാത്രകളും എന്നീ ഉത്തരവുകള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, സര്‍ക്കാര്‍ നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ / ബോധവത്കണ പ്രവര്‍ത്തകര്‍, വാര്‍ഡതല ആരോഗ്യ പ്രവര്‍ത്തകര്‍ മൊബൈല്‍ ഫോണ്‍ സേവനം ഉറപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് പോലീസ് ഉറപ്പാക്കണം.

ഇന്ന് രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടേണ്ടതില്ലെന്നും എന്നാല്‍ കടകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും കലക്ടര്‍ അറിയിച്ചു.

Most Popular

Recent Comments