മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വകുപ്പുതല അന്വേഷണത്തില്‍ തെളിവില്ലെന്ന ന്യായം കണ്ടെത്തിയാണ് ഐഎഎസ് ലോബിയുടെ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായത്. ഇതോടെ മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടതായാണ് സൂചന. ആരോഗ്യ വകുപ്പിലായിരിക്കും നിയമനം. കോടതി വിധി വരെ ഇയാളെ പുറത്ത് നിര്‍ത്തേണ്ടെന്ന നിയമോപദേശവും മുഖ്യമന്ത്രിക്ക് ലഭിച്ചതായി വിവരമുണ്ട്. മദ്യപിച്ച് അമിതവേഗതയില്‍ കാറോടിച്ച് റോഡരികില്‍ നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകനെ ഇടിച്ചുകൊന്ന ശ്രീറാം വെങ്കട്ടരാമനെ രക്ഷിച്ചെടുക്കാനുള്ള നീക്കങ്ങള്‍ ഐഎഎസ് ലോബി സ്ഥിരമായി നടത്താറുണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങളുടേയും പൗരസമൂഹത്തിന്റേയും ശക്തമായ ചെറുത്തുനില്‍പ്പ് മൂലം ഇതുവരെ അയാളെ സര്‍വീസില്‍ തിരിച്ചുകയറ്റാന്‍ പറ്റിയിരുന്നില്ല. ഇപ്പോള്‍ കോവിഡ് 19 പശ്ചാത്തലത്തില്‍ ജനങ്ങളാകെ ഒറ്റപ്പെട്ടിരിക്കുമ്പോഴാണ് ശ്രീറാമിനെ തിരിച്ചെടുക്കുന്നത്.