കോവിഡ് സാഹചര്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടത്തും. ഓഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഔപചാരികമായി മാത്രം പരേഡ് നടത്തും. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.
പരേഡില്‍ പങ്കെടുക്കാവുന്ന സൈനിക വിഭാഗങ്ങളെ പരമാവധി 3 മുതല്‍ 5 വരെ ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകമായി ക്ഷണിച്ച ക്ഷണിതാക്കളുടെ പരമാവധി എണ്ണം 100 ആണ്. മാര്‍ച്ച് പാസ്റ്റ് ഇല്ലാതെ നാഷണല്‍ സല്യൂട്ട് നാമമാത്രമായി സ്വീകരിക്കും. സ്റ്റുഡൻ്റ് പൊലീസ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്,എന്‍ സി സി ജൂനിയര്‍ എന്നീ സൈനിക വിഭാഗങ്ങളുടെ പരേഡും ഈവര്‍ഷം അനുവദനീയമല്ല.
വേദിയില്‍ ദേശീയ ഗാനം പാടുന്നതിനും മറ്റ് പ്രവൃത്തികള്‍ക്കും വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കില്ല. കുട്ടികളും മുതിര്‍ന്ന പൗരന്മാരെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കും. മെഡലുകള്‍ നല്‍കല്‍, അധികാരമോ പദവിയോ നല്‍കുന്ന ചടങ്ങുകളും നീട്ടി വെയ്ക്കും. മുന്‍നിര കോവിഡ് പോരാളികളായ 3 ഡോക്ടര്‍മാര്‍, രണ്ടു നഴ്‌സുമാര്‍,രണ്ട് പാരാ മെഡിക്കല്‍ ജീവനക്കാര്‍, മൂന്ന് സാനിറ്റേഷന്‍ ജീവനക്കാര്‍ എന്നിവര്‍ നിര്‍ബന്ധമായും ചടങ്ങില്‍ പങ്കെടുക്കണം. യാതൊരുതരത്തിലുള്ള ലഘു ഭക്ഷണങ്ങളും ചടങ്ങില്‍ വിതരണം ചെയ്യില്ല.
പരേഡ് നടക്കുന്ന മൈതാനത്തിൻ്റെ പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനര്‍ ഉറപ്പാക്കി ചടങ്ങില്‍ പങ്കെടുക്കുന്നവരെ സ്‌കാനിങിന് വിധേയമാക്കും.
ആവശ്യത്തിനുള്ള ഹാൻ്റ് സാനിറ്റൈസറും മാസ്‌ക്കും വേദിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ ആഘോഷങ്ങളില്‍ പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച കൊടികളും ഒഴിവാക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു.





































