HomeKeralaഡോളർക്കടത്ത്: ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: പികെ കൃഷ്ണദാസ്

ഡോളർക്കടത്ത്: ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: പികെ കൃഷ്ണദാസ്

മുഖ്യമന്ത്രി ഡോളർക്കടത്തിയെന്ന തിരുവനന്തപുരം അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. സരിത്തിൻ്റെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ മൊഴി മുഖവിലയ്ക്കെടുത്താണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അങ്ങനെയെങ്കിൽ കൂട്ടുപ്രതിയുടെ മൊഴി അംഗീകരിച്ച് മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഡോളർക്കടത്തിൽ  അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിയതോടെയാണ് സമാന്തര അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകുന്നവർക്ക് നിയമത്തിൻ്റെ ബാലപാഠം അറിയില്ലെന്ന് വ്യക്തമായി. ഉപദേശികളെ ആദ്യം നിയമം പഠിപ്പിക്കണം. ഏത് കേസിലായാലും പ്രതികളുടെ താത്പര്യം സംരക്ഷിക്കുകയാണ് സർക്കാരിൻ്റെ നയം. എല്ലാ കേസിലും സർക്കാർ വേട്ടക്കാർക്കൊപ്പമാണ്.
ഷുഹൈബിന്റെ കേസിലും പെരിയ കേസിലും നിയമസഭാ കയ്യാങ്കളി കേസിലും പ്രതികൾക്ക് വേണ്ടിയാണ് സർക്കാർ വാദിച്ചത്. രാജ്യദ്രോഹ പ്രവർത്തനം നടത്തുന്നവർക്കെതിരെ ദേശീയ ഏജൻസികൾ നടത്തുന്ന കേസുകൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. സമാന്തര ടെലിഫോൺ എക്സേഞ്ചുകളുടെ കാര്യത്തിലെ സർക്കാരിൻ്റെ മൗനം രാജ്യദ്രോഹികൾക്ക് വേണ്ടിയാണ്. പ്രഹസനമായ അന്വേഷണമാണ് ഇത്രയും ഗൗരവതരമായ കേസിൽ നടക്കുന്നത്. സർക്കാരിൻ്റെ മുഖം മൂടി അഴിഞ്ഞുവീണുവെന്നും കൃഷ്ണദാസ് പറഞ്ഞു.
സിപിഎം സ്വാതന്ത്രദിനം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. എന്നാൽ കഴിഞ്ഞ 74 സ്വാതന്ത്രദിനങ്ങൾ ആഘോഷിക്കാത്തത് എന്താണെന്ന് അവർ പറയണം. 75 ാം സ്വാതന്ത്രദിനത്തിന് മാത്രം എന്താണ് പ്രത്യേകത എന്ന് വ്യക്തമാക്കണം. ആർഎസ്എസിനെതിരെയാണ് സ്വാതന്ത്ര്യ ദിനാഘോഷം എന്നാണ് സിപിഎം പറയുന്നത്. ദേശദ്രോഹ സ്വഭാവത്തിൽ പ്രവർത്തിച്ച ഒരു പാർട്ടിയെ കൊണ്ട് സ്വാതന്ത്രദിനം ആഘോഷിപ്പിക്കാൻ സാധിച്ചത് ആർഎസ്എസ്സിൻ്റെ വിജയമാണ്.
രാജ്യത്തിന് സ്വാതന്ത്രം കിട്ടിയെന്ന് സിപിഎം ഇപ്പോൾ വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. ആഗസ്റ്റ് 15 ആപത്ത് 15 എന്ന് പറഞ്ഞ് നടന്നവരാണവർ. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിജിയേയും നേതാജിയേയും അപമാനിച്ചതും ശരിയായോയെന്നും സിപിഎം വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.

Most Popular

Recent Comments