കോവിഡ് 19 എന്ന മഹാമാരി ലോകം കീഴടക്കുമ്പോള്‍ തകരുന്നത് ലോകത്തിന്റെ സാമ്പത്തിക രംഗം കൂടിയാണ്. ആഗോള ഗ്രാമം എന്ന സങ്കല്‍പ്പം ഇന്ന് അവനവനിലേക്ക് ഒതുങ്ങാന്‍ സര്‍ക്കാരുകള്‍ തന്നെ പ്രേരിപ്പിക്കുന്ന നാളുകളിലെത്തി. ഇതോടെ സാമ്പത്തിക ഒഴുക്ക് എന്ന ലോകത്തിന്റെ നിലനില്‍പ്പ് തന്നെയാണ് ഇല്ലാതാവുന്നതും.
ലോകത്തിലെ മിക്ക രാജ്യങ്ങളും യാത്രാവിലക്കുകള്‍ ഏര്‍പ്പെടുത്തികൊണ്ടിരിക്കുകയാണ്. ചരക്ക് ഗതാഗതത്തിന് വിലക്കില്ലെന്ന് പറയുമ്പോഴും പല മേഖലകളിലും കപ്പല്‍ വിമാന ഗതാഗതം ഇല്ലാത്ത അവസ്ഥയാണ്. ഗതാഗതമാണ് ലോകത്തിന്റെ അടിസ്ഥാനം. ഇല്ലെങ്കില്‍ ചലനമില്ലാത്ത അവസ്ഥയാണെന്ന് പറയേണ്ടിവരും. രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ കൊണ്ടുവരുമ്പോള്‍ ഇല്ലാതാവുന്നതും ഈ ചലനാവസ്ഥയാണ്. ഒരുപക്ഷേ ഈ ചലനാവസ്ഥയാണ് ജനങ്ങളുടെ ക്രയവിക്രയം നടത്തുന്നത്. അല്ലെങ്കില്‍ അവന്റെ കയ്യില്‍ പണമെത്തിക്കുന്നതും പണത്തിന് ആവശ്യമുള്ള മൂല്യമെത്തിക്കുന്നതും.
നമ്മുടെ കേരളത്തിലേക്ക് വന്നാല്‍ ഇവിടേയും നിയന്ത്രണങ്ങളാണ്. എല്ലാ ഭരണാധികാരികളുടേയും സര്‍ക്കാരുകളുടേയും പ്രഥമ പരിഗണന അവിടുത്തെ ജനങ്ങളുടെ ജീവന്റെ ഉറപ്പ് നല്‍കലാണ്. സ്വാഭാവികമായും ഇപ്പോള്‍ സര്‍ക്കാരുകള്‍ക്ക് ഇത്തരം നിബന്ധനകള്‍ നടപ്പാക്കിയേ മതിയാകൂ. കാരണം വൈറസ് ബാധ കൂടുതല്‍ ജീവനുകളിലേക്ക് എത്താതിരുന്നേ മതിയാകൂ. ജനങ്ങള്‍ കൂട്ടു കൂടുന്നത് ഒഴിവാക്കണം, വിവാഹങ്ങള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തണം, മരണങ്ങളില്‍ പേരിനുള്ള ആളുകള്‍ മതി, മാളുകളും മറ്റ് വിനോദ സ്ഥലങ്ങളും വേണ്ട, സ്‌കൂളുകള്‍ ഇല്ല, തിയറ്ററുകള്‍ ഇല്ല, ബസിലും ട്രെയിനുകളിലും ആളില്ല….അങ്ങനെ അങ്ങനെ…
ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കുന്നു, അധികം പേരും ലീവെടുത്ത് സുരക്ഷിതരാവാന്‍ ശ്രമിക്കുന്നു, സ്വകാര്യ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ കച്ചവടമില്ലാതെ പേരിന് തുറന്നിരിക്കുന്നു, ചിലത് പൂട്ടി, ഹോട്ടലുകള്‍ പലതും പൂട്ടി… നിര്‍മാണ മേഖല സ്തംഭിച്ചു.
ഗുരുവായൂര്‍ അടക്കമുള്ള മഹാ ക്ഷേത്രങ്ങളിലെ അന്നദാനം അവസാനിപ്പിച്ചു. സ്വകാര്യ വ്യക്തികളും സംഘടനകളും നല്‍കി വന്നിരുന്ന ഭക്ഷണ വിതരണവും ഏതാണ്ട് അവസാനിപ്പിച്ച സ്ഥിതിയാണ്.. ഇവിടുന്നുള്ള ഭക്ഷണം കൊണ്ട് മാത്രം ജീവിതം മുന്നോട്ട് നയിച്ച ആയിരങ്ങള്‍ ഉണ്ടായിരുന്നു.
ഈ പരിതസ്ഥിതി തരണം ചെയ്യാന്‍ എത്ര സാധാരണക്കാര്‍ക്ക് കഴിയും. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളത്തിലും പട്ടിണി പടരും. അതോടെ സാമൂഹ്യസ്ഥിതി വളരെ മോശമാവും. ലോകത്തിന് മുന്നില്‍ നമ്മളെ കാട്ടിത്തന്നിരുന്ന എല്ലാ നേട്ടങ്ങള്‍ക്കും അടിസ്ഥാനം കേരളത്തില്‍ ഭക്ഷണമുണ്ട് എന്ന് തന്നെയാണ്. അതിന്റെ മുകളിലെ മറ്റേത് വികസനവും നിലനില്‍ക്കൂ. ഇവിടെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത് ഭക്ഷണം എന്ന വികാരം കൂടിയാണ്. കടകള്‍ പൂട്ടരുത്, ജോലി ചെയ്യാതിരിക്കണ്ട എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ചുറ്റും കണ്ണോടിച്ചാല്‍ അറിയാം യാഥാര്‍ഥ്യം…തൊഴില്‍ മേഖല സ്തംഭനത്തിലാണ്. യാത്രക്കാരില്ലാതെ ബസുകളും ഓട്ടകളും ടാക്‌സികളും ഓട്ടം നിര്‍ത്തുന്നു, കെഎസ്ആര്‍ടിസി വന്‍ നഷ്ടത്തില്‍…ചെറിയ പനിയും ചുമയും ഉള്ളവര്‍ പോലും കോവിഡ് ഭീതിയില്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്.
ഓരോ വീട്ടിലും ഓരോ ദിവസം കഴിയുമ്പോഴും സാമ്പത്തിക ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. താഴെക്കിടയില്‍ ഇപ്പഴേ പട്ടിണിയുടെ വക്കത്താണ്. അതിനി മേലോട്ട് കയറും.. രാജ്യത്തിന്റെ സാമ്പത്തിക ചക്രം തിരിയാനുള്ള കാര്യത്തില്‍ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ തിരിച്ചില്ലെങ്കില്‍ കേരളത്തിലും ഇനി പട്ടിണിയുടെ നിലവിളി ഉയരും.