രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം സൌരാഷ്ട്രയ്ക്ക്. ബംഗാളുമായുള്ള ഫൈനൽ മല്സരം സമനിലയിൽ പിരിഞ്ഞതോടെയാണ് ഒന്നാം ഇന്നിങ്സ് ലീഡിൻ്റെ മികവിൽ സൌരാഷ്ട്ര ചാമ്പ്യന്മാരായത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായാണ് സൌരാഷ്ട്ര ചാമ്പ്യന്മാരാകുന്നത്. അവസാന ദിവസമായ ഇന്ന് ക്യാപ്റ്റൻ ജയ്ദേവ് ഉനദ്കട്ടിൻ്റെ മികച്ച ബൌളിങ് പ്രകടനമാണ് സൌരാഷ്ട്രയ്ക്ക് വിജയം ഒരുക്കിയത്. ഒന്നാം ഇന്നിങ്സ് ലീഡിന് അരികിലായിരുന്ന ബംഗാൾ 381 റൺസിന് പുറത്താവുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 425 റൺസായിരുന്നു സൌരാഷ്ട്ര നേടിയത്. അഞ്ചാം ദിവസം കളി തുടങ്ങുമ്പോൾ ആദ്യ ഇന്നിങ്സ് ലീഡ് നേടാൻ 71 റൺസ് കൂടിയായിരുന്നു ബംഗാളിന് വേണ്ടിയിരുന്നത്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന അനുസ്തൂബ് മജുംദാറും അർണാബ് നന്ദിയുമായിരുന്നു ക്രീസിൽ. മജുംദാറിനെ പുറത്താക്കിയാണ് ഉനദ്കട്ട് സൌരാഷ്ട്രയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ സൌരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്ത് നില്ക്കെ കളി അവസാനിക്കുകയായിരുന്നു.