തൃശൂർ ജില്ലയിലെ പന്ത്രണ്ട് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെയും പുതുക്കാട് ഇ ഹെല്‍ത്ത് പരിപാടിയുടേയും സ്ത്രീകള്‍ക്കായുള്ള സി എഫ് എല്‍ ടി സി, സി എസ് എല്‍ ടി സി ഡ്രൈ പോര്‍ട്ട് മതിലകത്തിൻ്റെയും ഉദ്ഘാടനം ശനിയാഴ്ച നടക്കും. ഉച്ചക്ക് 12 ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഉദ്ഘാടനം ചെയ്യുക.
ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണ ജോര്‍ജ്ജ് ചടങ്ങില്‍ അധ്യക്ഷയാകും. അന്നനാട്, പൂവ്വന്‍ചിറ, ശാന്തിപുരം, ചൂലൂര്‍, നാട്ടിക വെസ്റ്റ്, മതിലകം, വളവനങ്ങാടി, അടാട്ട്, വാക, ആതൂര്‍, പേരാമംഗലം, മേലൂര്‍ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍. സബ് സെന്ററുകളില്‍ നിന്ന് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളായി മാറുമ്പോള്‍ രോഗികള്‍ക്കായി കാത്തിരിപ്പ് കേന്ദ്രം, ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് ക്ലിനിക്, ഓഫീസ് മുറി, കോപ്പര്‍ ടി ഇടുന്നതിനുള്ള മുറി, മുലയൂട്ടുന്നതിനായി പ്രത്യേക മുറി, പ്രതിരോധ കുത്തിവെപ്പിനുള്ള മുറി തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കും.