HomeKeralaശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഇതാണോ സ്ത്രീപക്ഷം എന്ന് പ്രതിപക്ഷം

ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഇതാണോ സ്ത്രീപക്ഷം എന്ന് പ്രതിപക്ഷം

സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപ്പെട്ടെന്ന ആരോപണത്തില്‍ മന്ത്രി എ കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി. ഇതോടെ സര്‍ക്കാരിൻ്റേയും ഇടതുപക്ഷത്തിൻ്റേയും സ്ത്രീപക്ഷ പ്രചരണം ജനങ്ങളെ കബളിപ്പിക്കലായി.

ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് ഇടപ്പെട്ടതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. പാര്‍ടി നേതാവ് എന്ന നിലയില്‍ പാര്‍ടിക്കാരനെ വിളിക്കുക മാത്രമാണ് മന്ത്രി ചെയ്തത്. കേസെടുക്കുന്നതില്‍ വീഴ്ചയുണ്ടായോ എന്ന് ഡിജിപി പരിശോധിക്കുന്നുണ്ട്. പരാതിക്കാരിക്ക് പൂര്‍ണ സംരക്ഷണം നല്‍കും. അതിനാല്‍ സഭ നിര്‍ത്തി വെച്ച് വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തോടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സ്ത്രീപക്ഷ പ്രചാരണവും വനിതാ മതിലുമൊക്കെ തട്ടിപ്പാണ്. ഇരക്കൊപ്പമല്ല വേട്ടക്കാര്‍ക്ക് ഒപ്പമാണ് സംസ്ഥാന സര്‍ക്കാര്‍. പൊലീസ് സ്റ്റേഷനിലെ കേസുകള്‍ തീര്‍ക്കുന്ന പണി എന്നു മുതല്‍ക്കാണ് മന്ത്രിമാര്‍ ചെയ്തു തുടങ്ങിയത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എ കെ ശശീന്ദ്രന് ഒരു നിമിഷം പോലും മന്ത്രിയായി തുടരാനാവില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

അടിയന്തര പ്രമേയ ചര്‍ച്ച സ്പീക്കര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

Most Popular

Recent Comments