നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍

0

സര്‍ക്കാരുമായി പോരാട്ടത്തിനുറച്ച് സംസ്ഥാനത്തെ വ്യാപാരികള്‍. നാളെ മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. പൊലീസിനെ നേരിടാന്‍ തയ്യാറാണെന്നും വ്യാപാരികള്‍ അറിയിച്ചു.

കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരികള്‍ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ പറഞ്ഞു. സമരം നടത്തിയാല്‍ ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

ഇതിനിടെ സര്‍ക്കാര്‍ നിലപാടി തള്ളി സിപിഎം നേതാവും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡണ്ടുമായ വി കെ സി മമ്മദ് കോയ രംഗത്തെത്തി. കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി ലഭിക്കണമെന്ന് മമ്മദ് കോയ പറഞ്ഞു. എന്നാല്‍ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു മമ്മദ് കോയയുടെ നിലപാട് തള്ളി. സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് ബിജു പറഞ്ഞു.