HomeHealthനട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനൻ ജീവിതത്തിലേക്ക്

നട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനൻ ജീവിതത്തിലേക്ക്

അപകടത്തിൽ നട്ടെല്ലു തളര്‍ന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടര്‍ന്ന് നടന്ന ശസ്ത്രക്രിയ്ക്കു ശേഷവും കിടപ്പുരോഗിയാകാന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് മുക്തി നല്‍കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ്.

ഈ വർഷം ഫെബ്രുവരിയിലാണ് അപകടം സംഭവിച്ചത്. മാർച്ചിൽ തന്നെ നിപ്മറിലെത്തി. അപകടം നടന്ന് ഒരു മാസമേ ആയിരുന്നുള്ളൂവെന്നതിനാല്‍ ചികിത്സയ്ക്ക് ഗുണം ചെയ്തു. സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ് മേധാവി ഡോ.സിന്ധുവിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള ചികിത്സയെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ തന്നെ രഘുനന്ദനില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ന്ന രഘുനന്ദനെയും കുടുംബത്തെയും സഹായിക്കാന്‍ നിപ്മറും സംസ്ഥാന സാമൂഹിക നീതി വകുപ്പും കൈകോര്‍ത്തു. ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തു.

മൂന്നു മാസത്തോളം ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ദിവസം രഘുനന്ദനെ ഡിസ്ചാര്‍ജ് ചെയ്തു. കിടപ്പു രോഗിയില്‍ നിന്നും വോക്കറില്‍ നടക്കാന്‍ കഴിയുന്ന തരത്തിലേയ്ക്ക് ജീവിതം മാറി. ഇനിയുള്ള ചികിത്സ നിപ്മറില്‍ നിന്നും പരീശീലനം നേടിയ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുക. ഒന്നര വര്‍ഷത്തോളമുള്ള ചികിത്സാസഹായം നിപ്മര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. സ്വന്തമായി ഒരു ചെറിയ കച്ചവടം കൂടി തുടങ്ങാനുള്ള സഹായവും നിപ്മറിലെ സോഷ്യല്‍ സര്‍വീസ് വിങ് നടത്തും.

ഇരിങ്ങാലക്കുട കോണോത്ത്കുന്ന് പുതിയകാവില്‍ വീട്ടില്‍ രഘുനന്ദനന് ജോലി സ്ഥലത്തു വച്ച് കമ്പി കുത്തി കയറി നട്ടെല്ലിന് ക്ഷതമേല്‍ക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളെജിലായിരുന്നു ശസ്ത്രക്രിയ. നിപ്മറിലെ ഒക്യൂപേഷനല്‍ തെറാപി, ഫിസിയോതെറാപ്പി, നഴ്‌സിങ് ട്രെയ്‌നിങ് വിഭാഗങ്ങളുടെ നിതാന്ത ജാഗ്രതയുടെ കൂടി ഫലമായിരുന്നു രഘുനന്ദന് ലഭിച്ച പുതുജീവിതം.

Most Popular

Recent Comments