അഴീക്കോടും മുനയ്ക്കലും ബോട്ട് ജെട്ടികളുടെ നിര്‍മാണം പുരോഗതിയിലേക്ക്

0

കോവിഡ് രണ്ടാം തരംഗത്തിന്‍റെ ആശങ്കകള്‍ കുറയുമ്പോള്‍ മുസിരിസ് ജലപാതകളുടെ വികസനത്തിന് വീണ്ടും ജീവന്‍ വയ്ക്കുകയാണ്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന, ബോട്ട് ജെട്ടി ശൃംഖലയിലെ പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും ബോട്ട് ജെട്ടികളുടെ നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞു.

അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചിലും മതിലകം ബംഗ്ലാവ് കടവിലുമാണ് ജെട്ടികള്‍ നിര്‍മിക്കുന്നത്. ഇതില്‍ മുനയ്ക്കല്‍ ബീച്ചിലെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മതിലകം ബംഗ്ലാവ് കടവിലെ ബോട്ട് ജെട്ടിയില്‍ പൈലിങ് ജോലികള്‍ക്കും തുടക്കമിട്ടു. മുനയ്ക്കല്‍ ബോട്ട് ജെട്ടിക്ക് 73 ലക്ഷവും ബംഗ്ലാവ് കടവ് ജെട്ടിക്ക് 57 ലക്ഷവുമടക്കം 1.30 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇറിഗേഷന്‍ വകുപ്പിനാണ് നിര്‍മാണച്ചുമതല.

മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തേക്ക് ജലാശയം വഴി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ആരംഭിച്ച ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ട് സര്‍വീസുകളുടെ ഭാഗമായാണ് ബോട്ട് ജെട്ടികള്‍. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാര്‍ത്തോമ്മ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയില്‍ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരന്‍ അയ്യപ്പന്‍ സ്മാരകം, ചേന്ദമംഗലം, പറവൂര്‍ മാര്‍ക്കറ്റ്, കോട്ടപ്പുറം ചന്ത, തിരുവഞ്ചിക്കുളം എന്നിവയാണ് നിലവിലുള്ള ജെട്ടികള്‍.

മുസിരിസ് ഹെറിറ്റേജ് ആന്‍റ് സ്പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാംഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ കൊടുങ്ങല്ലൂര്‍ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടികള്‍ക്കും കെട്ടിട നിര്‍മാണത്തിനും ചരിത്രാതീതമായ ഇടങ്ങള്‍ക്കുമായി 2.25 കോടി രൂപ ധനസഹായം നല്‍കിയിരുന്നു. അഴീക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് തുക അനുവദിച്ചത്. ഇതില്‍ കുറ്റിച്ചിറ ബോട്ട് ജെട്ടിയ്ക്ക് പകരമാണ് അഴീക്കോട് മുനയ്ക്കല്‍, മതിലകം ബംഗ്ലാവ് എന്നിവിടങ്ങളിലായി രണ്ട് ബോട്ട് ജെട്ടികള്‍ ഉയരുന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാര്‍ഗം വഴി ബന്ധിപ്പിക്കുവാന്‍ ഇതിലൂടെ സാധിക്കും.

24 പേര്‍ക്കു വീതം സഞ്ചരിക്കാവുന്ന ശീതികരിച്ച മൂന്ന് ബോട്ടുകളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് തുടങ്ങിയത്. പിന്നീട് ബോട്ടുകളുടെ എണ്ണം വര്‍ദ്ധിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത് 12 പേര്‍ എന്ന രീതിയില്‍ പുനഃക്രമീകരിച്ചു. ഇതിനുപുറമെ അതിവേഗത്തില്‍ സഞ്ചരിക്കുന്ന ആറുപേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന അഞ്ച് വാട്ടര്‍ ടാക്സികളുമുണ്ട്. കൊടുങ്ങല്ലൂര്‍, കോട്ടപ്പുറം, കോട്ടയില്‍ കോവിലകം, ഗോതുരുത്ത്, ചെറായി, പള്ളിപ്പുറം, പറവൂര്‍ എന്നീ പ്രദേശങ്ങളിലുള്ള പൗരാണിക സ്മാരകങ്ങളും പ്രമുഖ വ്യക്തികളുടെ ഭവനങ്ങളും കോട്ടകളും ദേവാലയങ്ങളുമെല്ലാം ഈ ജലപാതയിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു.