കേരളം വിട്ടുപോകണമെന്ന് താന്‍ ഒരിക്കലും കരുതിയതല്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജോര്‍ജ്. തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു. തെലുങ്കാനയില്‍ നിന്നുള്ള ക്ഷണ പ്രകാരം ഹൈദരാബാദിലേക്ക് പോകും വഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സാബു ജോര്‍ജ്.
തന്നെ മൃഗത്തെ പോലെ വേട്ടയാടുകയായിരുന്നു. എൻ്റെ കാര്യം നോക്കാന്‍ എനിക്കറിയാം. പക്ഷേ കേരളത്തില്‍ നിക്ഷേപം നടത്തുന്ന ചെറുപ്പക്കാരായ സംരംഭകരെ ഓര്‍ത്ത് വേദനയുണ്ട്. ഇങ്ങനെ പോയാല്‍ വരും തലമുറയെ ഓര്‍ത്ത് നമ്മള്‍ ദുഃഖിക്കേണ്ടി വരും. തൻ്റെ പ്രതിഷേധമല്ല ഇത്. ഇഷ്ടമുണ്ടായിട്ടല്ല പോകുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് തെലുങ്കാന. അവര്‍ സ്വകാര്യ ജെറ്റ് വിമാനം അയച്ച് സര്‍ക്കാര്‍ തല ചര്‍ച്ചക്ക് വിളിച്ചു. അതുകൊണ്ടാണ് ആദ്യം അങ്ങോട്ട് പോകാന്‍ തീരുമാനിച്ചത്.
വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞത് കളവാണ്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചെന്ന് പറഞ്ഞ ശേഷം ഒരാള്‍പോലും തന്നെ വിളിച്ചിട്ടില്ല. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ യോഗം വിളിച്ചിട്ടെന്തായി. ഉദ്യോഗസ്ഥര്‍ ചെയ്തതെല്ലാം ശരിയാണെന്നാണ് യോഗ ശേഷം പി രാജീവ് പറഞ്ഞത്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്. ആരോട് പരാതി പറയാന്‍. എത്രയോ ദിവസമായി വേദനയോടെ ഇതെല്ലാം സഹിക്കുന്നു. ഇനിയില്ലെന്നും സാബു എം ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.