മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. സ്റ്റാന്‍ സ്വാമിയോടുണ്ടായ ക്രൂരതയും സംഭവത്തിലുള്ള ദുഃഖവും അറിയിച്ചാണ് കത്ത്. അദ്ദേഹത്തിനെതിരായ വ്യാജ കേസുകള്‍ ചുമത്തുന്നതിനും ജയിലില്‍ തുടരുന്നതിനും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭീമ കൊറേഗാവ് കേസില്‍ ജയിലിലടച്ചവരെയും രാഷ്ട്രീയ തടവുകാരേയും ഉടന്‍ വിട്ടയക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍ അടക്കം പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് കത്തയച്ചത്.
സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം മുംബൈ ബാന്ദ്ര സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു. സംസ്‌കാര ചടങ്ങുകള്‍ക്ക് ജസ്യൂട്ട് സഭയുടെ മുംബൈ പ്രൊവിന്‍ഷാള്‍ ഫാ അരുണ്‍ ഡിസൂസ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടത്തിയത്.