HomeKeralaസംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി: ആരോഗ്യമന്ത്രി

സംസ്ഥാനത്തെ മൂന്നിലൊന്ന് പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി: ആരോഗ്യമന്ത്രി

കേരള ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ജനസംഖ്യയുടെ 33.88 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 47.17 ശതമാനം പേര്‍ക്കുമാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. ജനസംഖ്യയില്‍ 11.19 ശതമാനം പേര്‍ക്കും 18 വയസിന് മുകളിലുള്ള 15.57 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് വാക്‌സിനും നല്‍കി. ഇതോടെ ഒന്നും രണ്ടും ഡോസ് വാക്‌സിന്‍ ചേര്‍ത്ത് ആകെ ഒന്നര കോടി പേര്‍ക്കാണ് (1,50,58,743 ഡോസ്) വാക്‌സിന്‍ നല്‍കിയത്. അതില്‍ ,13,20,527 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 37,38,216 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തത്. 51.94 ശതമാനം(78,20,413) സ്ത്രീകളും 49.05 ശതമാനം (72,35,924) പുരുഷന്മാരുമാണ് വാക്‌സിന്‍ എടുത്തത്. 18നും 44 വയസിനും ഇടയിലുള്ള 34,20,093 പേരും 45നും 60നും ഇടയില്‍ പ്രായമുള്ള 34,20,093 പേരും, 60 വയസിന് മുകളിലുള്ള 64,24,818 പേരുമാണ് വാക്‌സിന്‍ സ്വീകരിച്ചത്.

18 വയസിനും 23 വയിനും ഇടയില്‍ ഉള്ള സംസ്ഥാനത്തും പുറത്തും പഠിക്കുന്ന എല്ലാ കോളേജ് വിദ്യാര്‍ത്ഥികള്‍, സ്വകാര്യ ബസ് ജീവനക്കാര്‍, അതിഥി തൊഴിലാളികള്‍, മാനസിക വെല്ലുവിളിയുള്ളവര്‍ എന്നിവരെക്കൂടി പുതുതായി വാക്‌സിനേഷന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി.

ജനുവരി 16നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. വാക്‌സിന്റെ ലഭ്യതക്കുറവ് കാരണം മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ നല്‍കി വന്നത്. ഇപ്പോള്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. ഇന്ന് വൈകുന്നേരം വരെ 1,13,441 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.

തിരുവനന്തപുരത്ത് ഇന്ന് 23,770 ഡോസ് കോവാക്‌സിന്‍ എത്തിയിട്ടുണ്ട്. സംസ്ഥാനത്തിനാകെ ഇതുവരെ 1,37,80,200 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതുകൂടാതെ സംസ്ഥാനത്ത് 3 ലക്ഷത്തോളം ഡോസ് വാക്‌സിന്‍ നാളെ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 1 മുതല്‍ രണ്ടര ലക്ഷത്തിന് മുകളില്‍ വരെ വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. വാക്‌സിന്റെ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Most Popular

Recent Comments