കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നാളെ തന്നെ നടക്കും. വൈകീട്ട് 5.30നും 6.30നും ഇടയിലായിരിക്കും സത്യപ്രതിജ്ഞ. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭ പുനഃസംഘടനയാണ് നാളെ നടക്കുക. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. ഒരുക്കങ്ങള്‍ മുമ്പേ പൂര്‍ത്തീകരിച്ചതായി രാഷ്ട്രപതി ഭവന്‍ അറിയിച്ചു. 20 പുതുമുഖങ്ങള്‍ ഇടംപിടിക്കുമെന്നും സൂചന.
ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ അടക്കമുള്ളവരുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തനാണെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രിസഭ പുനഃസംഘടനക്ക് മുന്നോടിയായി ഡല്‍ഹിയിലില്ലാത്ത പതിനഞ്ചോളം എംപിമാരോട് ഡല്‍ഹിയിലെത്താന്‍ ഇതിനോടകം തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ബാനന്ദ സോനോബള്‍, ജ്യോതിരാധിത്യ സിന്ധ്യ, സുശില്‍ കുമാര്‍ മോദി, നാരായണ്‍ റാണെ, പശുപതി പരസ്, അനുപ്രിയ പട്ടേല്‍, ശാന്തനു ഠാക്കൂര്‍, വരുണ്‍ ഗാന്ധി തുടങ്ങിയവര്‍ നാളെ രാവിലെ ഡല്‍ഹിയിലെത്തുന്നവരില്‍ ഉള്‍പ്പെടുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്ന ഇവര്‍ മന്ത്രിസഭയുടെ ഭാഗമായി സത്യവാചകം ചൊല്ലുമെന്നും വിവരം ലഭിച്ചു. കേരളത്തില്‍ നിന്നും വി മുരളീധരനടക്കം ഏതാനും മന്ത്രിമാരെ സ്വതന്ത്ര ചുമതലയിലേക്ക് ഉയര്‍ത്തുന്നതും മന്ത്രിസഭ വികസനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പരിഗണിക്കുന്നുവെന്നുമാണ് സൂചന.





































