കൊറോണ വൈറസ് വ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ നാളെ മുതൽ ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനം പുറപ്പെടും. 2000 ൽ അധികം ഇന്ത്യക്കാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലുളള ഇറാനിയൻ പൗരന്മാരെ ടെഹ്റാനിലേക്ക് ഒരു വിമാനം അയക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇറാനിൽ കുടുങ്ങി കിടക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. എംബസി ഉദ്യോഗസ്ഥൻ മത്സ്യതൊഴിലാളികളുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അസലൂരിൽ 23 പേരടങ്ങുന്ന മത്സ്യതൊഴിലാളി സംഘമാണ് കുടുങ്ങിയത്.ഇതിൽ 17പേർ മലയാളികളാണ്. ഇറാനിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 3,513 ആയി ഉയർന്നെന്നും വൈറസ് ബാധയേറ്റ് 107 പേർ മരിച്ചെന്നും ഇറാൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.