കിറ്റെക്‌സ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരാണ് പ്രതികരിക്കേണ്ടത്: യെച്ചൂരി

0

കിറ്റെക്‌സ് വിഷയത്തില്‍ പ്രതികരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി. റഫാല്‍ ഇടപാടില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നുള്ള മുന്‍ നിലപാടില്‍ മാറ്റമില്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഓഡ്‌നന്‍സ് ഫാക്ടറികളില്‍ സമരം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

അതിനിടെ കിറ്റെക്‌സ് കമ്പനിയുടെ ആരോപണങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ വ്യവസായി ഹര്‍ഷ് ഗോയങ്കയുടെ അഭിനന്ദന ട്വീറ്റിനാണ് മുഖ്യമന്ത്രിയുടെ മറുപടി.