രഞ്ജി ട്രോഫി ഫൈനലില്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കാന്‍ അനുവദിക്കണമെന്ന സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം തള്ളി ബിസിസിഐ. രാജ്യത്തിന് വേണ്ടി കളിക്കുന്നതിനാണ് ആദ്യ പരിഗണന നല്കേണ്ടതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലി വ്യക്തമാക്കി.
സൌരാഷ്ട്രയും ബംഗാളും തമ്മിലാണ് ഇത്തവണത്തെ രഞ്ജി ട്രോഫി ഫൈനല്‍. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സൌരാഷ്ട്ര രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തുന്നത്. അതിനാല്‍ ജഡേജയെ കൂടി ടീമില്‍ ഉള്‍പ്പെടുത്തി ശക്തമായ ടീമുമായി ഇറങ്ങാനായിരുന്നു സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പദ്ധതിയിട്ടത്. ഇതിന്‍റെ ഭാഗമായാണ് ബിസിസിഐയുടെ അനുമതി തേടിയത്.
മാര്‍ച്ച് ഒന്‍പത് മുതലാണ് രഞ്ജി ട്രോഫി ഫൈനല്‍ തുടങ്ങുന്നത്. എന്നാല്‍ മാര്‍ച്ച് 12ന് ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്കും തുടക്കമാകും. ഇത് ചൂണ്ടിക്കാട്ടി സൌരാഷ്ട്രയുടെ ആവശ്യം തള്ളുകയായിരുന്നു ബിസിസിഐ. രാജ്യത്തിന് കളിക്കുന്നതിനാണ് ആദ്യ പരിഗണന നല്കേണ്ടതെന്നാണ് ഗാംഗുലി സൌരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചത്