സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

0

സംസ്ഥാനത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ച് സ്വമേധയ കേസെടുത്തു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇത് സംബന്ധിച്ച എഫ്‌ഐആര്‍ തയ്യാറായിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെവി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അടക്കം അന്വേഷണത്തിന്റെ ഭാഗമാകും.

സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിരീക്ഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.