പാലസ്തീൻ ഗാസയിലെ ബേക്കറിയിലുണ്ടായ തീപിടുതത്തിൽ ആറ് കുട്ടികൾ ഉൾപ്പെടെ 9 പാലസ്തീൻകാർ മരിച്ചു. 60 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പതിനാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഗാസയിലെ നൂസിയാറത്ത് ക്യാമ്പിലെ ബേക്കറിയിൽ വൻ സ്ഫോടനത്തിന് പിന്നാലെയാണ് തീ പടർന്നത്. സമീപത്തുള്ള കടകളിലേക്കും, ഫാക്ടറികളിലേക്കും, നിരത്തിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു പിടിച്ചു. ഗ്യാസ് സിലിണ്ടർ ചോർന്നതിനെ തുടർന്നാണ് ബേക്കറിയിൽ തീപിടിത്തം ഉണ്ടായത്. ബേക്കറിയിലെ നിരവധി ഗ്യാസ് സിലിണ്ടറുകളും തീപിടിത്തത്തിൽ പൊട്ടിത്തെറിച്ചു. നീണ്ടപരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സിന് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്.