വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന് കൊവിഡ്

0

വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തെളിവെടുപ്പ് മാറ്റിവെച്ചു.

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് കൊവിഡ് മുക്തനായ ശേഷമാകും നടത്തുക.

നിലമേല്‍ കൈതോട് ഉള്ള വിസ്മയയുടെ വീട്ടിലേക്ക് കിരണ്‍കുമാറിനെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് രാവിലെ തന്നെ സ്ഥലത്ത് ജനക്കൂട്ടമുണ്ടായിരുന്നു. പ്രതിയെ എത്തിക്കുന്ന നേരം പ്രതിഷേധിക്കാനും സംഘടനകള്‍ ഒരുങ്ങി നിന്നു. പക്ഷേ അതിനിടക്കാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജനങ്ങളെ ഒഴിപ്പിക്കാനുള്ള മാര്‍ഗമാണിതെന്ന് പറഞ്ഞ് ചിലര്‍ പിന്നേയും കുറേ നേരം അവിടെ തുടര്‍ന്നെങ്കിലും വാര്‍ത്ത സ്ഥിരീകരിച്ചതോടെ മടങ്ങിപ്പോയി. അതെസമയം പൊലീസില്‍ തങ്ങള്‍ക്കിപ്പോഴും വിശ്വാസമുണ്ടെന്ന് വിസ്മമയുടെ വീട്ടുകാര്‍ അഭിപ്രായപ്പെട്ടു.

ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാന്‍ ഇരിക്കെയാണ് കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ പ്രതിയെ പോരുവഴിയിലെ വീട്ടിലും ബാങ്കിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നിരീക്ഷണത്തില്‍ പോകും. നിയമോപദേശത്തിന് ശേഷമാകും അന്വേഷണ സംഘത്തിന്റെ തുടര്‍നടപടികള്‍.