ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്താന് പങ്ക്; അന്വേഷണം എന്‍ഐഎക്ക്

0

ജമ്മു വിമാനത്താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയത് പാകിസ്താനാണെന്ന് പ്രാഥമിക സൂചന ലഭിച്ചു. സംഭവത്തിലെ അന്വേഷണം എന്‍ഐഎക്ക് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചു. അന്വേഷണ പുരോഗതി പ്രതിരോധ മന്ത്രിയെ അറിയിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കെതിരായ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും അറിയിച്ചു.

ഡ്രോണ്‍ ആക്രമണത്തിലെ പാകിസ്താന്‍ പങ്ക് സ്ഥിരീകരിക്കുന്നതാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സംഭരിച്ച തെളിവുകള്‍. ആക്രമണത്തിന് ചൈനയില്‍ നിന്നുള്ള ഡ്രോണുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവ പാക് സേനയുടെ സഹായത്തോട് കൂടി ഭീകരര്‍ക്ക് ലഭ്യമാക്കുകയായിരുന്നു. ആയുധങ്ങള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പറത്താനുള്ള പരിശീലനം ഭീകരര്‍ക്ക് നല്‍കുന്നതും പാക്‌സേനയാണ്.

വ്യോമതാവളത്തിലെ സ്‌ഫോടനമുണ്ടായ രണ്ടിടത്തും ആര്‍ഡിഎക്‌സിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സൈനിക ഉദ്യോഗസ്ഥര്‍ ഇക്കാര്യം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. അന്വേഷണം എന്‍ഐഎക്ക് കൈമാറിയതുമായി ബന്ധപ്പെട്ട ഉത്തരവ് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. രാജ്യം നേരിടുന്ന ഡ്രോണ്‍ ആക്രമണ ഭീഷണി അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാനുള്ള നടപടികളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.