വാക്‌സിന്‍ വിതരണത്തില്‍ ലോകത്തില്‍ തന്നെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഇസ്രയേല്‍ വീണ്ടും മാസ്‌കുകള്‍ നിര്‍ബന്ധമാക്കി. കൊറോണ വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയതോട് കൂടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ 85 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയ ഇസ്രയേല്‍ മാസ്‌ക് ധരിക്കുന്ന നടപടി മുമ്പ് പിന്‍വലിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. ഇന്നലെ മാത്രം 227 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ കൊവിഡ് പ്രതിരോധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ നാഷ്മാന്‍ ആഷാണ് രാജ്യത്ത് വ്യാപിക്കുന്ന കൊറോണ വകഭേദത്തെക്കുറിച്ച് ഇസ്രയേലി മാധ്യമങ്ങളോട് അറിയിച്ചത്.
വെള്ളിയാഴ്ച ഉച്ച മുതല്‍ രാജ്യത്ത് മാസ്‌ക് നിര്‍ബന്ധമാക്കിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പടെയുള്ള വാക്‌സിനെടുക്കാത്തവര്‍ക്കിടയിലാണ് കൊവിഡ് വ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതും. വാക്‌സിനെടുത്തവര്‍ക്കിടയിലും പുതിയ വകഭേദം കണ്ടെത്തിയെങ്കിലും അത്ര ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത മാസം മുതല്‍ രാജ്യം വിനോദ സഞ്ചാരത്തിനായി തുറന്ന് കൊടുക്കാനിരിക്കവെയാണ് കൊവിഡ് വ്യാപനം വര്‍ധിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് ഒന്നിലേക്ക് വിനോദ സഞ്ചാരത്തിനായി രാജ്യം തുറന്നുകൊടുക്കുന്നത് മാറ്റിയിട്ടുണ്ട്. 6429 പേരാണ് ഇതുവരെയായി കൊവിഡ് ബാധിച്ച് ഇസ്രയേലില്‍ മരിച്ചത്.