ജനരോഷത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ രാജിവെച്ചു. ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രതികരണത്തിലൂടെ ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച അവരെ സംരക്ഷിക്കാന്‍ ഇക്കുറി സിപിഎം തയ്യാറായില്ല.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തില്‍ വിശദീകരണം നടത്തി തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചെങ്കിലും പിന്തുണ നേടാനായില്ല. ഇതോടെയാണ് രാജി സമര്‍പ്പിച്ചത്. ഒമ്പതു മാസം കാലാവധി ബാക്കിയുള്ളപ്പോഴാണ് നാണം കെട്ട് പോകേണ്ടി വന്നത്.
ഇടതുമുന്നണിയിലെ പ്രമുഖരും യുവജന സംഘടനകളും ജോസഫൈനെ തള്ളിപ്പറയുമ്പോഴും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം അവരെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇതില്‍ ഡിവൈഎഫ്‌ഐ അടക്കമുള്ള യുവജന സംഘടനകളിലും അമര്‍ഷം ഉണ്ടാക്കി.