HomeIndiaമുന്നോക്കക്കാർക്ക് വേണ്ടി ആദിവാസി സംവരണം അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാർഥികൾ

മുന്നോക്കക്കാർക്ക് വേണ്ടി ആദിവാസി സംവരണം അട്ടിമറിക്കാൻ ശ്രമമെന്ന് വിദ്യാർഥികൾ

കാലിക്കറ്റ് സർവകലാശാലയിൽ ആദിവാസി വിഭാഗത്തിൻ്റെ സംവരണം വെട്ടിക്കുറക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികൾ. പിഎച്ച്ഡി പ്രവേശനത്തിലെ ആദിവാസി സംവരണം വെട്ടിക്കുറച്ചത് ഇതിൻ്റെ ഭാഗമാണ്. കോടതി ഇടപെടലുകളെ തുടർന്ന് ആ ഉത്തരവ് പിൻവലിച്ചെങ്കിലും ആശങ്ക തുടരുകയാണെന്നും ഈ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച വിദ്യാർഥികൾ പറഞ്ഞു.

2021 അധ്യയന വര്‍ഷത്തിലെ പിഎച്ച്ഡി പ്രവേശനത്തില്‍ ആദിവാസി വിഭാഗത്തിൻ്റെ സംവരണം 7.5 ൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരുടെ സംവരണം നടപ്പിലാക്കുന്നതിനാണ് ഈ നടപടിയെന്നത് ആശങ്ക വർധിപ്പിക്കുന്നു.

2020 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനത്തില്‍ 7.5 ശതമാനമായിരുന്നു പട്ടിക വര്‍ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വര്‍ഷം ഇഡബ്ല്യുഎസ് സംവരണവും 7.5 ശതമാനം തന്നെയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ 26ന് ഇറങ്ങിയ പുതിയ സര്‍ക്കുലര്‍ പ്രകാരം പട്ടിക വര്‍ഗ വിഭാഗത്തിൻ്റെ സംവരണം  5 ശതമാനമായി വെട്ടിക്കുറക്കുകയും പകരം ഇഡബ്ല്യുഎസ് സംവരണം 10 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു.

ഇതിനെതിരെ  ദിശ എന്ന സംഘടനയുടെ സഹായത്തോടെ എംഫില്‍ ഗവേഷക വിദ്യാര്‍ത്ഥികളായ പി ശിവലിംഗന്‍, അജിത്ത് ശേഖരന്‍, നവിത എംഎന്‍ എന്നിവരാണ് കേരള ഹൈക്കോടതിയില്‍ പരാതി നൽകിയത്. കോടതി സർവകലാശാലയോട് വിശദീകരണം തേടി. ഇതോടെയാണ് ഉത്തരവ് പിൻവലിക്കാൻ സർകലാശാല തീരുമാനിച്ചത്.

സംവരണം  വെട്ടിക്കുറച്ചതിനെ ആശങ്കയോടെയാണ്  കാണുന്നതെന്ന് അജിത് ശേഖരന്‍ പറഞ്ഞു.ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരൊക്കെ ഇപ്പോഴാണ് പിഎച്ച്ഡി  സ്വപ്‌നം കണ്ടു തുടങ്ങുന്നത്. സംവരണം വെട്ടിക്കുറിക്കുന്ന അവസ്ഥ ഉണ്ടായാല്‍ നാളെ ഗവേഷണം ചെയ്യാനുള്ള മോഹവുമായി എത്തുന്നവര്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടിയടക്കുന്ന സ്ഥിതിവേഷം ഉണ്ടാകുമോ എന്ന പേടി ഉണ്ട്. സര്‍വകലാശാലകളില്‍ അധ്യാപകരാകാന്‍ ഇനി പിഎച്ച്ഡിയും വേണമെന്ന് യുജിസി നിഷ്‌കര്‍ഷിക്കുമ്പോഴാണ് ഇത്തരം തീരുമാനം ഉണ്ടാകുന്നത്.  കേരളത്തിലെ മറ്റ് സര്‍വകലാശാലകളും മാതൃകയാക്കാനുള്ള സാഹചര്യമുണ്ടെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിക്കേണ്ട അവസ്ഥ വന്നതെന്നും അജിത് പറയുന്നു.

ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ നടപ്പിലാക്കുമ്പോള്‍ മറ്റ് വിഭാഗങ്ങളെ ബാധിക്കില്ലെന്ന് സര്‍ക്കര്‍ ഘോരഘോരം പറയുന്നതിനിടയില്‍ തന്നെയാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇങ്ങനെ ഒരു നിയമം നടപ്പില്‍ വരുത്താനുള്ള ഗൂഢശ്രമം. . ഈ വിഷയത്തില്‍ ഇടപെടുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നൂറ് ശതമാനം ഉറപ്പ് നല്‍കിയിരുന്നെങ്കിലും ആ വാക്ക് പാലിക്കപ്പെട്ടില്ലെന്ന് ദളിത് അവകാശ പ്രവര്‍ത്തകനും ദിശ സംഘടനയുടെ കോര്‍ഡിനേറ്ററുമായ ദിനു വെയില്‍ പറഞ്ഞു.

Most Popular

Recent Comments