ഇന്ധനവില വര്‍ധിക്കുന്നതിനെതിരെ ദേശവ്യാപക സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളെയും സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനവില വര്‍ധനവിനെതിരായ സമരം.
ഇതുവഴി കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ സഖ്യം എന്ന ആശയത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ആക്കി വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഘടക കക്ഷിയായിരുന്നിട്ട് കൂടി എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസിന്റെ നേതൃത്വം പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയില്‍ നിര്‍ദ്ദേശിക്കുന്നില്ല.
ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുതിര്‍ന്ന എഐസിസി നേതാക്കളുടെ യോഗം സമരം സംബന്ധിച്ച് ധാരണ രൂപപ്പെടുത്തി. രാജ്യമാകെ ഇന്ധന വില വര്‍ധിക്കുന്നതിനെതിരെയുള്ള ജനവികാരം പൂര്‍ണമായി ഏകോപിപ്പിക്കുന്ന വിധത്തിലാകും സമര പരിപാടികള്‍. ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ പ്രക്ഷോഭ പരിപാടികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.
ജൂലൈയില്‍ നടക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായാണ് സമരപരിപാടികള്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഇടവേളയില്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു യോഗവും കോണ്‍ഗ്രസ് അധ്യക്ഷ വിളിച്ച് ചേര്‍ക്കും.