പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത സംഭവത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.
വനിത കമ്മീഷന്‍ അധ്യക്ഷയെ പുറത്താക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈന്‍ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടത്. ടെലിവിഷന്‍ പരിപാടിയില്‍ പരാതി പറഞ്ഞ സ്ത്രീയോട് വനിത കമ്മീഷന്‍ അധ്യക്ഷ അഹങ്കാരത്തോടെ സംസാരിച്ചുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ജോസഫൈനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണ വനിത കമ്മീഷന് പരാതി നല്‍കി. ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫും ആവശ്യപ്പെട്ടു.
മനോരമ ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എംസി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിന് യുവതി നല്‍കിയ മറുപടിക്ക് എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും വീഡിയോ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ജോസഫൈനെതിരെ ഉണ്ടായിരിക്കുന്നത്.