സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിസ്മയയുടെ നിലമേലുള്ള വീട്ടില്‍ കുടുംബാംഗങ്ങളെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വളരെ വേദനാജനകമായ സംഭവമാണിത്. വളര്‍ത്തി വലുതാക്കിയവര്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട് മറ്റൊരു വീട്ടിലേക്ക് കടന്നുപോയ വിസ്മയക്ക് ഇങ്ങനെയൊരു അന്ത്യം ഉണ്ടായത് വളരെ വേദനാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങളൊന്നും അംഗീകരിക്കാന്‍ സാധിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുക. വാസ്തവത്തില്‍ സ്ത്രീധനത്തിനെതിരെ, ആ സമ്പ്രദായത്തിനെതിരെ കേരളത്തിന്റെ ഒരു പൊതുബോധം ശക്തമാകേണ്ടതായിട്ടുണ്ട്. സ്ത്രീധനം വാങ്ങില്ല എന്നുള്ളതും സ്ത്രീധനം കൊടുക്കില്ല എന്നതും നമ്മള്‍ ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമാണെന്നും വീണ ജോര്‍ജ് പറഞ്ഞു.