ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

0

ലക്ഷദ്വീപില്‍ അഡിമിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഢ പട്ടേല്‍ നടപ്പിലാക്കിയ വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. ലക്ഷദ്വീപില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാമുകള്‍ അടച്ചുപൂട്ടിയതുമായ ഉത്തരവുകള്‍ക്കാണ് ഹൈക്കോടതിയുടെ സ്‌റ്റേ ഉണ്ടായിരിക്കുന്നത്.

എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ആഹാരരീതി മാറ്റണം എന്നു പറയുന്നതിന്റെ യുക്തി എന്താണെന്ന് കോടതി ചോദിച്ചു. മാംസ ഉത്പന്നങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം കോടതി തള്ളി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹമ്മദ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ് ഉണ്ടായത്.

കേന്ദ്രസര്‍ക്കാരിന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിനുള്ള സാവകാശം കോടതി നല്‍കി. അടുത്തയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.