വിസ്മയയുടെ ആത്മഹത്യ; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍

0

കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറച്ച് സമയങ്ങള്‍ക്ക് മുമ്പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു.

വിസ്മയയെ മുമ്പും മര്‍ദ്ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കി. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദ്ദിച്ചിട്ടില്ലെന്നും മുറിപാടുകള്‍ മുമ്പുണ്ടായതാണെന്നും കിരണ്‍ മൊഴി നല്‍കി. തിങ്കളാഴ്ച വൈകി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു. ഇതിന് താന്‍ സമ്മതിച്ചില്ല. പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാന്‍ കഴിയൂ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി. കിരണിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം കിരണിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.