രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു

0

കോഴിക്കോട് രാമനാട്ടുകരയില്‍ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹത കൂടുന്നു. അപകടത്തില്‍പ്പെട്ട സംഘമെത്തിയത് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍. ഇരുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി പൊലീസ് പറഞ്ഞു.

ചെര്‍പ്പുളശ്ശേരിയില്‍ നിന്നുള്ള സംഘമെത്തിയത് കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാനാണ്. കൊടുവള്ളിയില്‍ നിന്നുള്ള സംഘത്തില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു പദ്ധതി. ഇരുസംഘങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി സൂചനയുണ്ട്. ചെര്‍പ്പുളശ്ശേരി സംഘം മുമ്പും കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ കരിപ്പൂര്‍ പൊലീസിന് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

രാമനാട്ടുകരയില്‍ ഇന്ന് പുലര്‍ച്ചെ 4.45നുണ്ടായ അപകടത്തില്‍ കരിപ്പൂരില്‍ നിന്ന് മടങ്ങുകയായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ 5 യുവാക്കളാണ് മരിച്ചത്. രാമനാട്ടുകര വൈദ്യരങ്ങാടി പുളിഞ്ചോട് വളവിലാണ് ചരക്ക് ലോറിയും ബൊലേറോ കാറും തമ്മില്‍ കൂട്ടിയിടിച്ചത്. കാറില്‍ സഞ്ചരിച്ച വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീര്‍, മുളയങ്കാവ് സ്വദേശി നാസര്‍, എലിയപറ്റ സ്വദേശി താഹിര്‍ ഷാ, ചെമ്മന്‍കുഴി സ്വദേശികളായ അസ്സൈനാര്‍, സുബൈര്‍ എന്നിവരാണ് മരിച്ചത്.