വെട്ടേറ്റ എസ്‌ഐയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍

0

കോട്ടയം മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇജി വിദ്യാധരനെ മന്ത്രി വിഎന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടക്കാണ് എസ്‌ഐക്ക് വെട്ടേറ്റത്.

വധശ്രമ കേസിലെ പ്രതി അജിന്റെ പിതാവ് പ്രസാദാണ് എസ്‌ഐ വിദ്യാധരനെ വെട്ടിയത്. പ്രതികളായ അജിനേയും പ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ പ്രസാദിനെതിരെ ചുമത്തിയിട്ടുണ്ട്.

മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വെള്ളാവൂര്‍ ചുവട്ടടിപ്പാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയല്‍വാസിയെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അജിന്‍ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയാണ് പൊലീസ് സംഘം എത്തിയത്. പ്രതിയെ പിടിക്കുന്നതിനിടെ പിതാവ് പ്രസാദ് എസ്‌ഐയെ വെട്ടുകയായിരുന്നു. മുഖത്ത് പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.