സംസ്ഥാനത്ത് നടന്ന വനംകൊള്ളയ്ക്ക് വേണ്ടി സർക്കാർ നിയമലംഘനങ്ങളുടെ ഘോഷയാത്ര നടത്തിയെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരൻ. മന്ത്രിസഭാ തീരുമാനപ്രകാരം നടന്ന കൊള്ള ഉദ്യോഗസ്ഥൻമാരുടെ തലയിലിട്ട് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തെ അറിയിക്കാതെ വനത്തിൻ്റെ പേരിൽ നിയമം കൊണ്ടു വന്നത് ചട്ടലംഘനമാണ്.
സംരക്ഷിത വനങ്ങളിലെ മരം മുറിക്കാനുള്ള അധികാരം എങ്ങനെയാണ് സംസ്ഥാന സർക്കാരിന് നൽകാൻ സാധിക്കുന്നത്. പാവപ്പെട്ട ആദിവാസികൾക്കെതിരെ കേസെടുത്തത് സർക്കാരിൻ്റെ അഴിമതി മറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. യഥാർത്ഥ പ്രതികളെ പിടികൂടാതെ ആദിവാസികളെയും കർഷകരെയും കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുകയാണ്. ആദിവാസികൾക്ക് വേണ്ട നിയമസഹായം ബിജെപി നൽകും.
പൊതുമുതൽ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. പ്രതികൾക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ളതിനാൽ സർക്കാരിൻ്റെ അന്വേഷണം പര്യാപ്തമല്ല. വനംകൊള്ളയ്ക്കെതിരെ നിയമപോരാട്ടത്തിന് ബിജെപി തയ്യാറാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.