സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് ആരംഭിക്കാമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒറ്റ, ഇരട്ടസംഖ്യ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇടവിട്ട ദിവസങ്ങളില്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറുകള്‍ക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടര്‍ന്നു വരുന്ന തിങ്കളാഴ്ചയും ഒറ്റ അക്ക നമ്പര്‍ ബസുകളുമാണ് നിരത്തില്‍ ഇറങ്ങേണ്ടത്. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയതിനാല്‍ സ്വകാര്യ ബസ് സര്‍വീസിന് അനുമതിയില്ല.
എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താനുള്ള സാഹചര്യം നിലവിലില്ല. അതുകൊണ്ടാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താമെന്ന് തീരുമാനിച്ചതെന്ന് ആന്റണി രാജു വ്യക്തമാക്കി. തുടര്‍ന്ന് വരുന്ന ദിവസങ്ങളിലും ഈ മാനദണ്ഡങ്ങള്‍ പാലിച്ചാകണം സര്‍വീസ് നടത്തേണ്ടത്.