ഗുരുവായൂർ ഉത്സവം 2020 ; ഒരുക്കങ്ങൾ പൂർത്തിയായി; വെളളിയാഴ്ച ആനയോട്ടത്തോടെ ആരംഭം

0

ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 6 ന് ഉച്ചതിരിഞ്ഞ് 3 ന് നടക്കുന്ന ആനയോട്ടത്തോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാവും പത്ത് ദിവസത്തെ ഉത്സവത്തിൻറെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച , പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെക്കേ നടയിൽ തയ്യാറാക്കിയ പ്രത്യേക നടപന്തലിൽ ഒരേ സമയം 1200 പേർക്ക് ഭക്ഷണമൊരുക്കും. 20,000 ൽ പരം ഭക്തർക്ക് ദിവസേന പ്രസാദ ഊട്ട് നൽകും. രാവിലെ 9 മുതൽ പ്രസാദ ഊട്ട് വിതരണം ആരംഭിക്കും. ഉച്ചയ്ക്ക് 2 വരെ വരി യിൽ നിൽക്കുന്നവർക്ക് പ്രസാദ ഊട്ട് നൽകും. വൈകിട്ട് 7 മണി മുതൽ രാത്രി 10 വരെയും നാരായണാലയത്തിന് സമീപവും പ്രസാദ ഊട്ട് നൽകും. ദേശ പകർച്ച രാവിലെ മുതൽ 8.30 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയും നടക്കും. എറണാകുളത്തെ സുബ്ബരാജൻ എമ്പ്രന്തിരിയാണ് ഭക്ഷണം പാചകം ചെയ്യാനുള്ള കരാർ എടുത്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ തുകയ്ക്കാണ് അദ്ദേഹത്തിന് കരാർ കൊടുത്തിട്ടുളളത്. പ്രസാദ കഞ്ഞിക്ക് ആവശ്യമായ അരിയും പലചരക്കും എല്ലാ വർഷവും വഴിപാടായി നൽകുന്ന വ്യവസായി ശശിധരൻ കർത്ത തന്നെയാണ് ഈ വർഷവും നൽകുന്നത്.
ആനയോട്ടത്തിൽ 25 ആനകൾ അണിനിരക്കും ഇതിൽ നിന്ന് നറുക്കെട്ടെടുക്കുന്ന അഞ്ച് ആനകളെയാണ് ഓടിക്കുക . ഓടി ആദ്യം ക്ഷേത്ര ഗോപുരത്തിന് മുന്നിൽ എത്തുന്ന ആനയെ അകത്തേക്ക് പ്രവേശിപ്പിച്ചു വിജയിയായി പ്രഖ്യാപിക്കും .ആനയോട്ടത്തിൽ പങ്കെടുക്കേണ്ട ആനകളെ പതിനൊന്ന് മണിക്ക് മുൻപ് തന്നെ മഞ്ജുളാൽ പരിസരത്തും ടൗൺ ഹാൾ വളപ്പിലും കൊണ്ടുവന്നു നിർത്തും. ഉച്ചയ്ക്ക് ആനകളെ എഴുന്നുളളിക്കരുതെന്ന വനംവകുപ്പിൻറെ കർശന നിർദേശത്തെ തുടർന്നാണിതെന്നും ചെയർമാൻ പറഞ്ഞു .