ബയോ വെപണ്‍ പദപ്രയോഗത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായകയുമായ ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ക്കെതിരെ പോരാടാമെന്നും ഐഷക്കെതിരായ നടപടി ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും സുധാകരന്‍ പ്രതികരിച്ചു.
ലക്ഷദ്വീപിന് വേണ്ടി കേരളം പാസാക്കിയ പ്രമേയത്തില്‍ സംഘപരിവാറിനേയും മോദിയേയും പേരെടുത്ത് വിമര്‍ശിക്കാത്ത ഇടതുപക്ഷത്തിനേയും സുധാകരന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.
സമൂഹത്തോട് ഉത്തരവാദിത്തമുള്ള കലാകാരന്മാരെയാണ് ഈ ഫാസിസ്റ്റ് കാലഘട്ടത്തില്‍ നാടിനാവശ്യമെന്നും ലക്ഷദ്വീപ് ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുന്ന ബയോ വെപണ്‍ തന്നെയാണ് പ്രഫുല്‍ പട്ടേലെന്നും സ്വന്തം ജനതക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ഐഷ സുല്‍ത്താനക്ക് പൊരുതുന്ന ലക്ഷദ്വീപ് ജനതക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.