ബിജെപിക്കെതിരെ കള്ളക്കസേ് ചമയ്ക്കുന്നത് വനംകൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ: കുമ്മനം

0

മുട്ടില്‍ വനം കൊള്ളകേസില്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലായതില്‍  നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് ബിജെപി നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചമയ്ക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡൻ്റ് കുമ്മനം രാജശേഖരന്‍. കൊടകര കേസില്‍ നേതാക്കളെ ഓരോരുത്തരെയായി വിളിച്ചു വരുത്തി തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി പാര്‍ട്ടിയുടെ സല്‍പ്പേര് നശിപ്പിക്കാനും നേതാക്കളെ  കള്ളക്കേസില്‍ കുടുക്കാനുമായി പോലീസ് വ്യാപകമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൊടകര സംഭവത്തിൻ്റെ വസ്തുത എന്തെന്ന് ബിജെപി ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.

ഗവര്‍ണ്ണര്‍ ആരിഫ് മുഖമ്മദ് ഖാന് ബിജെപിയുടെ നിവേദനം നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. കേരളത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിയെ നശിപ്പിക്കാന്‍ സര്‍ക്കാരും സിപിഎമ്മും നടത്തിവരുന്ന ഹീനമായ പ്രവര്‍ത്തികളെ ഗവര്‍ണ്ണറുടെ  ശ്രദ്ധയില്‍ കൊണ്ടുവരാനാണ് നിവേദനം നൽകിയത്.

സര്‍ക്കാരിൻ്റെ  നടപടിക്കെതിരെ  വ്യാപക പ്രക്ഷോഭങ്ങള്‍ ബിജെപി നടത്തും. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. കേസ് ആദ്യം അന്വേഷിച്ച ഐപിഎസ് ഉദ്യോഗസ്ഥ നിജസ്ഥിതി പുറത്ത് കൊണ്ട് വന്നിരുന്നു. ഇത് സംബന്ധിച്ച എഫ്‌ഐആര്‍ കോടതില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയെ തകര്‍ക്കുക എന്ന ഗൂഢ ഉദ്യേശ്യത്തോടെയാണ് വീണ്ടും പ്രത്യേക പോലീസ് സംഘത്തെ ഉപയോഗിച്ച് അന്വേഷണം നടത്തുന്നത്.  സുരേന്ദ്രനെ ലക്ഷ്യം വച്ചു കൊണ്ട് കുടുംബാംഗങ്ങളെയും കേസില്‍ പെടുത്തി പാര്‍ട്ടിയെ നശിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട. ഒരു കേസിൻ്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍  അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും ഇത് സംബന്ധിച്ച് കാര്യങ്ങള്‍ പുറത്ത്  പറയരുതെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊടകര കേസില്‍ ചോദ്യം ചെയ്തവരില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മറച്ച് വച്ച് കള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് പോലീസ് കൊടുക്കുന്നു. ഇത് തന്നെ നിയമ ലംഘനമാണ്.

രേഖാമൂലം അനുമതി വാങ്ങിച്ച ശേഷമാണ് എറണാകുളത്ത് ബിജെപി കോര്‍ കമ്മറ്റിയോഗം ചേര്‍ന്നത്. അതിനും അനുവദിച്ചില്ല. എന്നാല്‍ അതേ ദിവസം എറണാകുളത്ത് മന്ത്രിമാര്‍ പങ്കെടുത്ത് നിരവധി യോഗങ്ങള്‍ നടന്നു. ഈ യോഗങ്ങളില്‍ ബഹുജന പങ്കാളിത്തവും ഉണ്ടായിരുന്നു. എന്നാല്‍ പത്ത് പേരടങ്ങിയ ഒരു കമ്മറ്റി യോഗത്തെ മനപൂര്‍വ്വം തടഞ്ഞ് ജനാധിപത്യത്തെ സര്‍ക്കാര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയാണ്.

മഞ്ചേശ്വത്തെ കേസില്‍ അഴിമതി ആണെങ്കില്‍ എന്തുകൊണ്ട് പണം വാങ്ങിയ സുന്ദരയ്യയുടെ പേരില്‍ കേസ് എടുക്കുന്നില്ല. കേരളത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ബിജെപിയെ തകര്‍ക്കുക എന്നത് സിപിഎമ്മിൻ്റെ നയമായി മാറ്റിയിരിക്കുകയാണ്. ഇത് എന്തു വിലകൊടുത്തും തടയും. പോലീസിൻ്റെ നിയമവിരുദ്ധ നടപടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.  ഒ.രാജഗോപാല്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ജില്ലാ പ്രസിഡൻ്റ് വി.വി.രാജേഷ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.