ബ്രാഹ്‌മണ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കന്നഡ നടന്‍ ചേതന്‍ കുമാറിനെതിരെ പരാതിയുമായി കര്‍ണാടക ബ്രാഹ്‌മണ വികസന ബോര്‍ഡ്. നടന്റെ ട്വീറ്റ് ഉയര്‍ത്തിക്കാട്ടി കൊണ്ടാണ് ബോര്‍ഡ് പൊലീസില്‍ പരാതി നല്‍കിയത്.
ബ്രാഹ്‌മണ മേധാവിത്വത്തിനെതിരായ ബിആര്‍ അംബേദ്കറിന്റെയും പെരിയാറിന്റെയും വാക്കുകള്‍ ഉദ്ധരിച്ച് കൊണ്ടുള്ള ട്വീറ്റാണ് വിവാദമായിരിക്കുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളുടെ സത്തയെ നിരാകരിക്കുന്നതാണ് ബ്രാഹ്‌മണിസമെന്നും അതിനെ പിഴുതുകളയണമെന്നുമാണ് അംബേദ്കറുടെ ഉദ്ധരണി. എല്ലാവരും സമന്മാറായി ജനിച്ചവരാണെന്നിരിക്കെ ബ്രാഹ്‌മണന്മാര്‍ മാത്രം ഉന്നത കുലക്കാരും മറ്റുള്ളവരെല്ലാം അയിത്തജാതിക്കാരുമാണെന്ന് പറയുന്നത് വെറും അസംബന്ധവും വലിയ തട്ടിപ്പുമാണെന്ന പെരിയാറിന്റെ ഉദ്ധരണിയും ട്വീറ്റില്‍ നടന്‍ പങ്കുവെച്ചിട്ടുണ്ട്.
ട്വിറ്ററില്‍ തന്നെ പങ്കുവെച്ച മറ്റൊരു വീഡിയോയിലും സവര്‍ണ മനോഭാവത്തിനെതിരെ ചേതന്‍ കുമാര്‍ അഭിപ്രായം പങ്കുവെച്ചിരുന്നു. ‘ആയിരം വര്‍ഷത്തോളമായി ബസവേശ്വരന്റെയും ബുദ്ധന്റെയും ആദര്‍ശങ്ങള്‍ ഇല്ലായ്മ ചെയ്യുകയാണ് ബ്രാഹ്‌മണിസം. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുദ്ധന്‍ ബ്രാഹ്‌മണിസത്തിനെതിരെ പോരാടി. എന്നാല്‍ അവര്‍ അദ്ദേഹത്തെ വിഷ്ണുവിന്റെ 9ാമത്തെ അവതാരമാക്കുകയാണുണ്ടായത്. അംബേദ്ക്കര്‍ ബ്രാഹ്‌മണിസത്തിന്റെ ഗൂഡതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് 1956ല്‍ ബുദ്ധമാര്‍ഗം സ്വീകരിച്ചു. ബുദ്ധന്‍ വിഷ്ണു അവതാരമല്ല, അത്തരത്്തിലുള്ള വാദം നുണയും ബുദ്ധിശൂന്യതയും ആണെന്ന് അംബേദ്ക്കര്‍ പറയുന്നു’ എന്നാണ് വീഡിയോയില്‍ താരം അഭിപ്രായപ്പെട്ടത്.
രണ്ട് ട്വീറ്റുകളും വൈറലായതോട് കൂടിയാണ് ബ്രാഹ്‌മണ വികസന ബോര്‍ഡ് പരാതിയുമായി രംഗത്തെത്തിയത്. ബോര്‍ഡ് ചെയര്‍മാന്‍ സച്ചിദാനന്ദ മൂര്‍ത്തി ബെംഗളൂരു പൊലീസ് കമ്മീഷണര്‍ക്ക് പരാതിയും സമര്‍പ്പിച്ചു. താരം ബ്രാഹ്‌മണ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ താരത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. സവര്‍ണ രാഷ്ടീയത്തിനെതിരെ പലപ്പോഴും നിലപാട് പ്രഖ്യാപിച്ചയാളാണ് ചേതന്‍ കുമാര്‍. ചലച്ചിത്ര രംഗത്തെ ജാതി വിവേചനങ്ങള്‍ക്കെതിരെയും താരം വിമര്‍ശനമുന്നയിച്ചിരുന്നു.